സൂപ്പർ താരം വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നത് സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സിനിമയുടെ ഏകദേശം മൂന്ന് മണിക്കൂർ നീളമുള്ള പതിപ്പാണ് വിവിധ ഭാഗങ്ങളായി സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്നത്. ചിത്രത്തിന്റെ ഇൻട്രോ സീനുകളും നിർണ്ണായകമായ ക്ലൈമാക്സ് രംഗങ്ങളും ഇതിനോടകം വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് ഈ വാർത്ത വലിയ ആഘാതമായി മാറിയിരിക്കുകയാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്ക് ഹിറ്റ് സിനിമയായ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്നാണ് സൂചനകൾ. ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായി. ചിത്രത്തിന് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതും സിനിമയുടെ പ്രതിസന്ധി വർധിപ്പിച്ചു. റിലീസ് വൈകുന്നത് മൂലം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം കരാറിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്.
ബോബി ഡിയോൾ, പൂജാ ഹെഡ്‌ഗെ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ജനനായകൻ’. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമ ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷൻ നേടുമെന്നായിരുന്നു കണക്കുകൂട്ടൽ. പുതിയ ഒടിടി കരാറുകൾക്കായി നിർമ്മാതാക്കൾ ശ്രമിക്കുന്നതിനിടെയാണ് സിനിമ ഓൺലൈനിൽ ചോർന്നത്. ഇന്റർനെറ്റിലെ ഈ ചോർച്ച സിനിമയുടെ തിയേറ്റർ വരുമാനത്തെയും ഒടിടി മൂല്യത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് സിനിമാ പ്രവർത്തകർ.
‘Jananayakan’ shocks Tamil; Three-hour version of Vijay’s film leaked on internet
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



