ക്യുബെക് : വിദഗ്ധ ചികിത്സാ സൗകര്യങ്ങളുടെ കുറവും ശസ്ത്രക്രിയയ്ക്കുള്ള കാലതാമസവും കാരണം ഗർഭഛിദ്രത്തിനായി ക്യുബെക്കിലെ സ്ത്രീകൾ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്നതായി റിപ്പോർട്ട്. ഗാസ്പെ സ്വദേശിനിയായ റോസ് ജെർവൈസ് എന്ന യുവതിക്ക് ശസ്ത്രക്രിയയ്ക്കായി 900 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് മേഖലയിലെ ആരോഗ്യ സേവനങ്ങളിലെ പോരായ്മകൾ വീണ്ടും ചർച്ചയാകുന്നത്. 2023-ൽ ഭ്രൂണത്തിന് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഗർഭഛിദ്രത്തിന് ശ്രമിച്ച ഇവർക്ക് പ്രാദേശികമായി ചികിത്സ ലഭിക്കാത്തതിനാലാണ് ദൂരയാത്ര ചെയ്യേണ്ടി വന്നത്.
ക്യുബെക്കിൽ പന്ത്രണ്ട് ആഴ്ച പിന്നിട്ട ഗർഭസ്ഥ ശിശുക്കളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനുള്ള സൗകര്യം പല പ്രാദേശിക കേന്ദ്രങ്ങളിലുമില്ല. പ്രധാന കേന്ദ്രമായ ക്യുബെക് സിറ്റിയിലെ സെന്റ് ഫ്രാൻസ്വ ഡി അസീസി ആശുപത്രിയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. ഇതോടെ പലരും സ്വന്തം ചിലവിൽ വിമാന ടിക്കറ്റും മറ്റ് സൗകര്യങ്ങളും ഒരുക്കി മോണ്ട്രിയൽ പോലുള്ള നഗരങ്ങളെ ആശ്രയിക്കുകയാണ്. നിലവിൽ ആഴ്ചയിൽ 50 പ്രീ-കൺസൾട്ടേഷൻ സ്ലോട്ടുകളും മുപ്പതോളം ശസ്ത്രക്രിയ സ്ലോട്ടുകളും മാത്രമാണ് ലഭ്യമാകുന്നത്. ഇത് ആവശ്യക്കാർക്ക് ഒട്ടും പര്യാപ്തമല്ലെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പ്രവിശ്യയിലെ ഗർഭഛിദ്ര സേവനങ്ങൾ പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടത്തിൽ വലിയ അസമത്വം നിലനിൽക്കുന്നുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. മതിയായ സാമ്പത്തിക പിന്തുണയും ജീവനക്കാരുടെ കുറവും സേവനങ്ങളെ ബാധിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി ക്യുബെക് സർക്കാർ 2024–27 കാലയളവിനായി പുതിയ കർമ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണെന്നാണ് വിദഗ്ധരുടെ പക്ഷം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Traveling 900 kilometers for treatment; Abortion services in crisis in Quebec



