പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടെന്നും തട്ടിക്കൂട്ടിയ സർവേകളിൽ മാത്രമാണ് യുഡിഎഫ് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പോസ്റ്റൽ വോട്ടുകൾ വിതരണം ചെയ്യുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രത പുലർത്തണമായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പലർക്കും വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് പരാതിപ്പെട്ട അദ്ദേഹം, ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും ആവശ്യപ്പെട്ടു. ദേശീയ സർവേകൾ യുഡിഎഫ് വിജയം പ്രവചിക്കുമ്പോൾ കേരളത്തിലെ ചില മാധ്യമങ്ങൾ വിശ്വാസ്യത കളഞ്ഞുകുളിച്ചെന്നും സതീശൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ് നിലനിൽക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കുമെന്നും പേരാവൂരിൽ താൻ പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലത്തിൽ ഇത്തവണയും വിജയം ഉറപ്പാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് വോട്ടിനായി പണം നൽകിയെന്ന ആരോപണത്തിൽ കർശന നിയമനടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
UDF will cross 100 seats; V.D. Satheesan and Sunny Joseph say there will be a change of government in Kerala!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



