കിഴക്കഞ്ചേരി: പാലക്കാട് കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്സ് ലെന ജോണിന്റെ (25) മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് ജോൺ ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ലെന കഴിഞ്ഞ മാർച്ച് 24-നാണ് എറണാകുളത്ത് വെച്ച് മരണപ്പെടുന്നത്. നഴ്സിംഗ് സർട്ടിഫിക്കറ്റ് വാങ്ങാനും പരീക്ഷ എഴുതാനുമായി ആലുവയിലേക്ക് പോകുന്നു എന്നാണ് ലെന വീട്ടിൽ അറിയിച്ചിരുന്നത്.
ആദ്യഘട്ടത്തിൽ പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചെന്നാണ് വിവരങ്ങൾ പുറത്തുവന്നതെങ്കിലും സുഹൃത്തുക്കളുടെ മൊഴി ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. ആലുവയിൽ വെച്ച് തങ്ങളോടൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ ലെന കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ മരണകാരണം വിഷം ഉള്ളിൽച്ചെന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് കുടുംബം കൊലപാതക ആരോപണവുമായി രംഗത്തെത്തിയത്.
മകളെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും ഇതിൽ രണ്ട് യുവാക്കൾക്ക് പങ്കുണ്ടെന്നും പിതാവ് തന്റെ പരാതിയിൽ ആരോപിക്കുന്നു. ആദ്യമൊക്കെ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്ന് കരുതിയിരുന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ദുരൂഹത വർധിപ്പിക്കുകയാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) പ്രവർത്തകയായിരുന്ന ലെന നഴ്സിംഗ് സമരങ്ങളിലും സജീവമായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലെനയുടെ സുഹൃത്തുക്കളെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
The suspicious death of a nurse in Aluva






