സെന്റ് ജോൺസ്: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ പൊതുആരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുകളുടെ കടുത്ത ക്ഷാമം രോഗീപരിചരണത്തെ ഗുരുതരമായി ബാധിക്കുന്നു. ജോലിഭാരത്താൽ വീർപ്പുമുട്ടുന്ന ജീവനക്കാർ, മെച്ചപ്പെട്ട വേതനവും കൂടുതൽ നിയമനങ്ങളും ആവശ്യപ്പെട്ട് സെന്റ് ജോൺസിലെ ഹെൽത്ത് സയൻസ് സെന്ററിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രവിശ്യയിലെ ഫാർമസി തസ്തികകളിൽ 20 ശതമാനത്തോളം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണെന്ന് ജീവനക്കാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് അലൈഡ് ഹെൽത്ത് പ്രൊഫഷണൽസ് (AAHP) വ്യക്തമാക്കി.
ആശുപത്രികളിലെ ക്ലിനിക്കൽ വിഭാഗങ്ങളിൽ നേരിട്ട് രോഗികളുമായി ഇടപഴകേണ്ട ഫാർമസിസ്റ്റുകളെ, ജീവനക്കാരുടെ കുറവ് മൂലം ഡിസ്പെൻസറി ജോലികൾക്കായി മാറ്റുന്നത് ചികിത്സാ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടെന്ന് സമരത്തിൽ പങ്കെടുത്ത മുതിർന്ന ഫാർമസിസ്റ്റ് ലോറി കാർട്ടർ പറഞ്ഞു. “വാർഡുകളിൽ രോഗികൾക്കൊപ്പം ചെലവഴിക്കേണ്ട സമയം ഞങ്ങൾക്ക് നഷ്ടമാകുന്നു. ഇത് രോഗികൾക്ക് ലഭിക്കേണ്ട കൃത്യമായ സേവനത്തെ ഇല്ലാതാക്കുകയാണ്. ഞായറാഴ്ച രാത്രികളിൽ പോലും പിറ്റേന്നത്തെ ജോലികൾക്കായി വീട്ടിലിരുന്ന് തയ്യാറെടുക്കേണ്ട അവസ്ഥയാണുള്ളത്,” അവർ കൂട്ടിച്ചേർത്തു.
ഗ്രാമീണ മേഖലകളിലെ ആശുപത്രികളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷം. പലയിടങ്ങളിലും ഒന്നോ രണ്ടോ ഫാർമസിസ്റ്റുകൾ മാത്രമാണുള്ളതെന്നും ചിലയിടങ്ങളിൽ ആരുമില്ലാത്ത അവസ്ഥയാണെന്നും അസോസിയേഷൻ പ്രസിഡന്റ് ഗോർഡ് പിയേഴ്സി ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയെ അപേക്ഷിച്ച് പൊതുമേഖലയിൽ വേതനം വളരെ കുറവായതാണ് പുതിയ ഉദ്യോഗാർത്ഥികളെ ഈ രംഗത്ത് നിന്ന് അകറ്റുന്നത്. മണിക്കൂറിന് 20 ഡോളർ വരെ ശമ്പള വ്യത്യാസമുള്ളപ്പോൾ പുതിയ ബിരുദധാരികൾ ആശുപത്രി ജോലികളോട് താല്പര്യം കാണിക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
അതേസമയം, പ്രശ്നപരിഹാരത്തിനായി വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS) അറിയിച്ചു. പുതിയ ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നതിനായി 50,000 ഡോളർ വരെ ബർസറി തുകയായി വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 12 ഫാർമസിസ്റ്റുകളെ പുതുതായി നിയമിച്ചതായും ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിച്ചുവരികയാണെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. എങ്കിലും, അടിസ്ഥാന വേതനത്തിൽ മാറ്റം വരുത്താതെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന ഉറച്ച നിലപാടിലാണ് ജീവനക്കാർ.
No pharmacists in hospitals; Newfoundland's health sector faces crisis
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




