തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ആവേശകരമായ കലാശക്കൊട്ടോടെ സമാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് വോട്ടഭ്യർത്ഥനയുടെ ശബ്ദമുഖരിതമായ മണിക്കൂറുകൾക്ക് വിരാമമായത്. ഇനി വോട്ടെടുപ്പിന് മുൻപുള്ള നിശബ്ദ പ്രചാരണത്തിന്റെ വേളയാണ്. വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലെത്തുന്നതോടെ നിയമസഭയിലേക്കുള്ള ജനവിധി കുറിക്കപ്പെടും.
എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വലിയ ആഘോഷങ്ങളോടെയാണ് കൊട്ടിക്കലാശം നടന്നത്. മന്ത്രി പി.രാജീവ് മത്സരിക്കുന്ന കളമശേരിയിൽ റാപ്പർ വേടൻ പ്രചാരണത്തിനെത്തിയത് വലിയ ആവേശമായി. എന്നാൽ പറവൂർ, തോപ്പുംപടി, അഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ നേരിയ തോതിൽ സംഘർഷങ്ങളുമുണ്ടായി. പറവൂരിൽ കൊട്ടിക്കലാശത്തിനിടെ വയോധികനായ ഒരു കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചത് പ്രചാരണാന്ത്യത്തിന് നോവായി. കോഴിക്കോട് ജില്ലയിലെ മിക്കയിടങ്ങളിലും ഡിജെ ഷോകളും റോഡ് ഷോകളുമായി പ്രവർത്തകർ തെരുവുകൾ കീഴടക്കിയപ്പോൾ, സംഘർഷസാധ്യത കണക്കിലെടുത്ത് പേരാമ്പ്രയിൽ മാത്രം കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു.
ഭരണത്തുടർച്ചയുടെ ആത്മവിശ്വാസത്തിൽ ഇടതുമുന്നണിയും ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിൽ യുഡിഎഫും ഇത്തവണ നിയമസഭയിൽ സാന്നിധ്യം ഉറപ്പിക്കാൻ ബിജെപിയും കടുത്ത പോരാട്ടത്തിലാണ്. 2018-ലെ പ്രളയം സംബന്ധിച്ച ആരോപണങ്ങൾ അവസാന ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകളിൽ സജീവമായിരുന്നു. താരപ്രചാരകരുടെ നീണ്ട നിര തന്നെ കളത്തിലിറങ്ങിയ രണ്ടാഴ്ചത്തെ തീവ്രപ്രചാരണത്തിന് ശേഷമാണ് കേരളം ഇനി പോളിങ് ദിവസത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിഎം പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, സുരേഷ് ഗോപി എംപി, ഖുശ്ബു സുന്ദർ തുടങ്ങി മൂന്നു മുന്നണികളുടെയും താരപ്രചാരകരാണ് ജില്ലയിൽ വന്നുപോയത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം ഇത്തവണത്തെ പ്രചാരണ പരിപാടികളിൽ പ്രകടമായിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kerala Assembly Election 2026






