ഒട്ടാവ: ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചതോടെ രൂപപ്പെട്ട അതിരൂക്ഷമായ ജെറ്റ് ഇന്ധനക്ഷാമം കാനഡയുടെ വ്യോമയാന മേഖലയെയും സാമ്പത്തിക രംഗത്തെയും ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ. ആഗോള ഊർജ്ജ വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ഇന്ധനവില ലിറ്ററിന് 1.92 ഡോളറായി ഉയർന്നു. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിലച്ചതും ഇന്ധന ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രവർത്തനങ്ങൾ സാധാരണ നിലയിലാകാൻ മാസങ്ങൾ എടുക്കുമെന്നിരിക്കെ, ഇത് ഒരു തലമുറ കണ്ട ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയായി മാറുമെന്ന് ‘കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി’ പ്രസിഡന്റ് ഡാൻ മക്‌ടീഗ് മുന്നറിയിപ്പ് നൽകി.
ആവശ്യത്തിന് ജെറ്റ് ഇന്ധനം രാജ്യത്തിനകത്ത് ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും കയറ്റുമതി ചെയ്യാനുള്ള അധികശേഷി കാനഡയ്ക്കില്ലാത്തത് തിരിച്ചടിയാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഇന്ധനലഭ്യത കുറഞ്ഞതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തുകയും അധിക സർചാർജ് ഈടാക്കി തുടങ്ങുകയും ചെയ്തു. ജെറ്റ് ഇന്ധനത്തിന്റെ കുറവ് വിമാന യാത്രയെ മാത്രമല്ല, സാധനങ്ങൾ എത്തിക്കുന്ന എയർ കാർഗോ നീക്കത്തെയും, കാനഡയിലെ അറ്റ്‌ലാന്റിക് തീരപ്രദേശങ്ങളിലുള്ള വീടുകളിൽ ചൂട് നിലനിർത്താനുള്ള സംവിധാനങ്ങളെയും (Heating systems) ഇത് പ്രതിസന്ധിയിലാക്കും. പ്രധാനപ്പെട്ട ഈ മേഖലകളിൽ ഇന്ധനം കിട്ടാതാവുകയോ വില അമിതമായി കൂടുകയോ ചെയ്യുന്നത് കാനഡയുടെ സാമ്പത്തിക രംഗത്തെ തളർത്താൻ കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര വിമാന സർവീസുകളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്ന് മക്‌ഗിൽ സർവകലാശാലയിലെ വിദഗ്ധൻ ജോൺ ഗ്രാഡെക് പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന വിമാനങ്ങൾക്ക് ആവശ്യമായ ഇന്ധനം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഏപ്രിൽ പകുതിയോടെ പല സർവീസുകളും റദ്ദാക്കിയേക്കും. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള യാത്രകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. എന്നാൽ കാനഡയ്ക്കകത്തുള്ള ആഭ്യന്തര സർവീസുകൾക്ക് ഇന്ധന ലഭ്യതയിൽ നിലവിൽ തടസ്സമില്ല. എങ്കിലും വരും മാസങ്ങളിലെ വേനൽക്കാല യാത്രകളിൽ വലിയ തോതിലുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Fuel shortage puts Canada in crisis; Airlines likely to cut services




