വാൻകൂവർ: രാഷ്ട്രീയ വൈരാഗ്യവും വ്യക്തിപരമായ അധിക്ഷേപങ്ങളും അതിരുവിടുന്ന വാൻകൂവർ സിറ്റി കൗൺസിലിൽ മാറ്റത്തിന്റെ കാറ്റുവീശുന്നു. മേയർ കെൻ സിമ്മിനെതിരെ കൗൺസിലർ ഷോൺ ഓർ (Sean Orr) നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കെ, രാഷ്ട്രീയ ചർച്ചകളിൽ മാന്യത ഉറപ്പാക്കാനുള്ള ‘ഇലക്ട് റെസ്പെക്ട്’ (Elect Respect) പ്രതിജ്ഞ വാൻകൂവർ കൗൺസിൽ ഐകകണ്ഠ്യേന പാസാക്കി.
ബുധനാഴ്ച നടന്ന യോഗത്തിൽ തന്റെ പ്രമേയം അവതരിപ്പിക്കവെ ഷോൺ ഓർ വികാരാധീനനായി. തിരഞ്ഞെടുക്കപ്പെട്ട നാൾ മുതൽ താൻ നേരിടുന്ന വധഭീഷണികളെയും വ്യക്തിപരമായ ആക്രമണങ്ങളെയും കുറിച്ച് സംസാരിക്കവെ അദ്ദേഹം കണ്ണീരണിഞ്ഞു. വാൻകൂവർ സിറ്റി ഹാളിലേക്ക് തിരികെ വരാൻ പോലും തനിക്ക് കടുത്ത ഭയവും ഉത്കണ്ഠയും അനുഭവപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഷോൺ ഓർ തെരുവിൽ മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന് മേയർ കെൻ സിം ആരോപിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് തർക്കങ്ങൾ രൂക്ഷമായത്. ഇതിനെതിരെ ഓർ കോടതിയെ സമീപിച്ചിരിക്കുകയാണ്. കൂടാതെ, എബിസി (ABC) പാർട്ടി കൗൺസിലറായ ലെന്നി ഷൂ, ഭരണപക്ഷത്തല്ലാത്ത കൗൺസിലർമാർക്കെതിരെ മയക്കുമരുന്ന് ആരോപണവുമായി രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു.
ഷോൺ ഓറിന് പുറമെ മറ്റ് കൗൺസിലർമാരും തങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ പങ്കുവെച്ചു. എബിസി കൗൺസിലറായ സാറ കിർബി-യംഗ്, തനിക്കും തന്റെ ഭർത്താവിനുമെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് സംസാരിച്ചു. സുരക്ഷാ കാരണങ്ങളാൽ തന്റെ വീട്ടുപേരും ഫോൺ നമ്പറും വരെ രഹസ്യമാക്കി വെക്കേണ്ടി വന്ന ദുരവസ്ഥ അവർ വിവരിച്ചു.

ഒന്റാറിയോയിലെ ഹാൽട്ടൺ മേഖലയിൽ നിന്ന് ആരംഭിച്ച ‘ഇലക്ട് റെസ്പെക്ട്’ മാതൃക, രാഷ്ട്രീയ ചർച്ചകളിൽ നിന്ന് അധിക്ഷേപങ്ങളും ഉപദ്രവങ്ങളും ഒഴിവാക്കി മാന്യമായ പെരുമാറ്റം ഉറപ്പാക്കാൻ ജനപ്രതിനിധികളെ പ്രേരിപ്പിക്കുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ പ്രശ്നത്തിൽ ആകാതാരിക്കാനാണ് ഈ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Vancouver council approves respectful discourse pledge as mayor faces defamation suit



