എറണാകുളം : ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപരിശോധനകൾക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്കാണ് മാറ്റുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നുമാണ് റിമാൻഡ് നടപടികൾക്കിടെ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് തന്നെ പരിഗണിക്കും. അതേസമയം, അന്വേഷണ സംഘത്തിന്റെ നടപടികളിൽ രഞ്ജിത്തിന്റെ അഭിഭാഷകൻ അതൃപ്തി രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിക്കാതെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് നേരിട്ട് ഹാജരാക്കാൻ പൊലീസ് അനാവശ്യ തിടുക്കം കാട്ടിയെന്നും പ്രതിഭാഗം ആരോപിച്ചു.
നടി നൽകിയ പരാതിയെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ചോദ്യം ചെയ്യലിൽ രഞ്ജിത്ത് മൊഴി നൽകിയത്. എന്നാൽ ഈ വാദങ്ങൾ അന്വേഷണ സംഘം തള്ളി. പരാതിക്കാസ്പദമായ സംഭവം നടന്ന സമയത്ത് സിനിമാ ലൊക്കേഷനിലുണ്ടായിരുന്ന സഹപ്രവർത്തകരെയും ഐസിസി അംഗങ്ങളെയും വരുംദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൊടുപുഴ പൊലീസ് പിടികൂടിയ അദ്ദേഹത്തെ പിന്നീട് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പുതിയ സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടി പരാതിപ്പെട്ടത്. രണ്ട് മാസം മുൻപ് കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം. നേരത്തെ ബംഗാളി നടിയും ഒരു യുവാവും നൽകിയ പരാതികൾക്ക് പിന്നാലെ രഞ്ജിത്തിനെതിരെ ഉയരുന്ന മൂന്നാമത്തെ വലിയ ആരോപണമാണിത്. മുൻപത്തെ പരാതികളിലും രഞ്ജിത്തിനെതിരെ കേസുകൾ നിലവിലുണ്ട്.
Sexual assault case: Director Ranjith remanded; transferred to Ernakulam sub-jail
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



