സിനിമ ലൊക്കേഷനിൽ വെച്ച് നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിയെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് രഞ്ജിത്ത് പൊലീസിന് നൽകിയ മൊഴി. ഇത് അന്വേഷണസംഘം പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവദിവസം ലൊക്കേഷനിലുണ്ടായിരുന്നവരെയും ഐസിസി (ICC) അംഗങ്ങളെയും വരുംദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്നും ഇസിജിയിൽ വ്യതിയാനമുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ മുട്ടത്തുവെച്ചാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആരോഗ്യനില തൃപ്തികരമാകുന്ന മുറയ്ക്ക് അദ്ദേഹത്തെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പുതിയ സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നടിയുടെ പരാതി. രണ്ട് മാസം മുൻപ് കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം. പുറത്തേക്ക് ഓടിരക്ഷപ്പെട്ട നടി സഹപ്രവർത്തകരോട് വിവരം പറയുകയായിരുന്നു. നേരത്തെ ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ സമാനമായ പരാതികൾ നൽകിയിരുന്നു. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് നിലവിലെ കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
High blood pressure; Ranjith remains in hospital, says he is unaware of the actress’ complaint
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



