ടൊറന്റോ: കാനഡയിലെ ഒന്റാരിയോയിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി നടക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസം പകർന്ന് സർക്കാരിന്റെ നിർണായക തീരുമാനം. ഏപ്രിൽ ഒന്നു മുതൽ ഒന്റാരിയോയിൽ വാങ്ങുന്ന പുതിയ വീടുകൾക്ക് ഈടാക്കിയിരുന്ന 13 ശതമാനം ഹാർമൊണൈസ്ഡ് സെയിൽസ് ടാക്സ് (എച്ച്എസ്ടി) പൂർണ്ണമായും ഒഴിവാക്കി. ഫെഡറൽ സർക്കാരും ഒന്റാരിയോ പ്രവിശ്യാ സർക്കാരും തമ്മിലുണ്ടാക്കിയ പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ്.
നികുതിയിളവിന് പുറമെ, ഭവന നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനായി അടുത്ത പത്ത് വർഷത്തിനുള്ളിൽ 8.8 ബില്യൺ ഡോളർ മുടക്കാൻ ഇരു സർക്കാരുകളും ധാരണയിലെത്തിയിട്ടുണ്ട്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്, ടൊറന്റോ മേയർ ഒലിവിയ ചൗ എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. വരും വർഷങ്ങളിൽ ഭവന നിർമ്മാണ മേഖലയിലുണ്ടാകാൻ പോകുന്ന വൻ മാറ്റങ്ങളുടെ തുടക്കമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
നഗരസഭകൾക്കുള്ള ഫണ്ട്; മുന്നറിയിപ്പുമായി പ്രീമിയർ
ഫെഡറൽ സർക്കാരിന്റെ ‘ബിൽഡ് കമ്മ്യൂണിറ്റീസ് സ്ട്രോങ്ങ് ഫണ്ട്’ വഴി ലഭ്യമാകുന്ന 4.4 ബില്യൺ ഡോളറിന് തുല്യമായ തുക ഒന്റാരിയോ സർക്കാരും പദ്ധതിക്കായി നീക്കിവെക്കും. എന്നാൽ മുൻസിപ്പാലിറ്റികൾ ഈടാക്കുന്ന ഡെവലപ്മെന്റ് ചാർജുകൾ (വികസന ഫീസ്) കുറയ്ക്കാൻ തയ്യാറാകുന്ന നഗരസഭകൾക്ക് മാത്രമേ ഈ ഫണ്ട് അനുവദിക്കൂ എന്ന് പ്രീമിയർ ഡഗ് ഫോർഡ് കർശന മുന്നറിയിപ്പ് നൽകി. വികസന ഫീസ് കുറയ്ക്കാത്ത ഒരു നഗരസഭയ്ക്കും പണം നൽകില്ലെന്നാണ് പ്രീമിയറുടെ നിലപാട്.
മധ്യവർഗ കുടുംബങ്ങൾക്ക് ആശ്വാസം
ഈ പുതിയ പരിഷ്കാരങ്ങൾ ഒന്റാരിയോയിലെ ഭവന പ്രതിസന്ധിക്ക് വലിയ തോതിൽ പരിഹാരമാകുമെന്ന് മിസ്സിംഗ് മിഡിൽ ഇനീഷ്യേറ്റീവ് സ്ഥാപക ഡയറക്ടർ മൈക്ക് മൊഫാറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിർമ്മാണച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും. ഒരു പുതിയ വീടിന്റെ വിലയിൽ നിന്ന് എച്ച്എസ്ടി ഇളവിലൂടെ മാത്രം ഒരു ലക്ഷം ഡോളറിലധികം ലാഭിക്കാൻ സാധിക്കും. ഇതിനൊപ്പം വികസന ഫീസിലും കുറവ് വരുന്നതോടെ മധ്യവർഗ കുടുംബങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ സ്വന്തമായി വീട് വാങ്ങാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അറിയാൻ പ്രവാസികൾ ഉൾപ്പെടെയുള്ള ഭവനപ്രേമികൾ ഏറെ താല്പര്യത്തോടെയാണ് കാത്തിരിക്കുന്നത്.
new-deal-between-ontario-feds-will-create-affordable-housing-for-middle-class-expert
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




