വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയുടെ ഭക്ഷ്യസുരക്ഷയിൽ നിർണ്ണായകമായ സറിയിലെ അപൂർവ്വ കൃഷിഭൂമി സംരക്ഷിക്കണമെന്ന ആവശ്യവുമായി കർഷകരും ജനപ്രതിനിധികളും രംഗത്ത്. കാനഡയിലെ തന്നെ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണുള്ള 220 ഏക്കറോളം വരുന്ന ഈ പ്രദേശം വെയർഹൗസുകൾക്കോ വ്യവസായ പാർക്കുകൾക്കോ വേണ്ടി വിട്ടുനൽകാനുള്ള ഫെഡറൽ ഗവൺമെന്റ് നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ‘ലിറ്റിൽ കാലിഫോർണിയ’ എന്ന് കർഷകർ വിശേഷിപ്പിക്കുന്ന ഈ ഭൂമി, അതിന്റെ പ്രത്യേക ഘടന കാരണം കാനഡയിലെ കഠിനമായ തണുപ്പുകാലത്തും നേരത്തെ കൃഷി ഇറക്കാൻ അനുയോജ്യമാണ്. ഫെബ്രുവരി മാസത്തിൽ തന്നെ ഇവിടെ കൃഷി ആരംഭിക്കാൻ കഴിയുമെന്നത് വസന്തകാലത്തിന്റെ തുടക്കത്തിൽ പച്ചക്കറികൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
വർഷത്തിൽ അഞ്ചു കോടിയോളം സെർവിംഗ് പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ മണ്ണ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 85,000 പേർ ഒപ്പിട്ട നിവേദനം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 50 വർഷത്തിലേറെയായി ഹെപ്പൽസ് പൊട്ടറ്റോ ഫാം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഈ ഭൂമി നിലവിൽ കേന്ദ്ര സർക്കാരിന്റെ വിൽപന പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കാനഡയിലുടനീളം കൃഷിഭൂമികൾ അതിവേഗം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, ഈ പ്രദേശം കാർഷിക സംരക്ഷണ നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്നാണ് കർഷകനായ ടൈലർ ഹെപ്പൽ ആവശ്യപ്പെടുന്നത്. ബി.സി കൃഷി മന്ത്രി ലാന പോഫം വിഷയത്തിന്റെ ഗൗരവം അംഗീകരിക്കുകയും ഫെഡറൽ കൃഷി മന്ത്രാലയവുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഭൂമി വിട്ടുനൽകില്ലെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Food security in B.C. and the fight to save ‘a little piece of California’



