ഒട്ടാവ: കാനഡയിൽ സ്ഥിരതാമസത്തിന് (Permanent Residence) ആഗ്രഹിക്കുന്നവർക്കും പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്കും തിരിച്ചടിയായി ഫെഡറൽ ഗവൺമെന്റിന്റെ പുതിയ തീരുമാനം. എല്ലാത്തരം പിആർ അപേക്ഷകളുടെയും പൗരത്വ അപേക്ഷകളുടെയും നിരക്ക് വർധിപ്പിക്കാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തീരുമാനിച്ചു. 2026 ഏപ്രിൽ 30 മുതലാണ് പുതുക്കിയ പിആർ ഫീസുകൾ നിലവിൽ വരുന്നത്. പൗരത്വ അപേക്ഷകളിലെ ‘റൈറ്റ് ഓഫ് സിറ്റിസൺഷിപ്പ്’ ഫീസിലുണ്ടാകുന്ന മാറ്റം 2026 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരും.
എക്സ്പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), ഫാമിലി സ്പോൺസർഷിപ്പ്, ക്യുബെക് സ്കിൽഡ് വർക്കേഴ്സ് തുടങ്ങി എല്ലാ പ്രധാന കുടിയേറ്റ വിഭാഗങ്ങളെയും ഈ നിരക്ക് വർധന ബാധിക്കും. കൂടാതെ ‘റൈറ്റ് ഓഫ് പെർമനന്റ് റെസിഡൻസ് ഫീസിലും’ (RPRF) വർധനവുണ്ട്. നിലവിൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചവർ പഴയ നിരക്ക് അടച്ചാൽ മതിയാകും. എന്നാൽ അപേക്ഷ സമർപ്പിച്ച ശേഷം പണമടയ്ക്കാൻ ബാക്കിവെച്ചിട്ടുള്ളവർ പുതിയ നിരക്ക് പ്രകാരം തുക നൽകേണ്ടി വരുമെന്ന് ഐആർസിസി വ്യക്തമാക്കി.
പുതുക്കിയ നിരക്കുകൾ പ്രകാരം, പ്രധാന അപേക്ഷകനും പങ്കാളിക്കും നൽകേണ്ടി വരുന്ന ‘റൈറ്റ് ഓഫ് പെർമനന്റ് റെസിഡൻസ് ഫീസ്’ 575 ഡോളറിൽ നിന്നും 600 ഡോളറായി ഉയരും. എക്സ്പ്രസ് എൻട്രി, പിഎൻപി (PNP), ക്യുബെക് സ്കിൽഡ് വർക്കേഴ്സ് തുടങ്ങിയ സാമ്പത്തിക കുടിയേറ്റ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർക്ക് 950 ഡോളറിന് പകരം ഇനി 990 ഡോളർ നൽകണം. ബിസിനസ് ക്ലാസ് അപേക്ഷകർക്കാണ് ഫീസ് വർധന കാര്യമായി ബാധിക്കുക; ഇവരുടെ ഫീസ് 1,810 ഡോളറിൽ നിന്നും 1,895 ഡോളറായാണ് വർധിപ്പിച്ചത്. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനുള്ള ഫീസ് 85 ഡോളറിൽ നിന്നും 90 ഡോളറായും, പൗരത്വത്തിനുള്ള ‘റൈറ്റ് ഓഫ് സിറ്റിസൺഷിപ്പ്’ ഫീസ് 119.75 ഡോളറിൽ നിന്നും 123 ഡോളറായും ഉയർത്തിയിട്ടുണ്ട്. ആശ്രിതരായ കുട്ടികൾക്കുള്ള അപേക്ഷാ ഫീസിലും ആനുപാതികമായ വർധനവ് നടപ്പിലാക്കിയിട്ടുണ്ട്.
അപേക്ഷാ ഫീസ് വർധന നടപ്പിലാകുന്ന തീയതിക്ക് മുൻപായി തപാൽ വഴി അപേക്ഷ അയച്ചവർക്ക് ഐആർസിസിയിൽ നിന്നും അറിയിപ്പ് ലഭിച്ചാൽ മാത്രമേ അധിക തുക അടയ്ക്കേണ്ടി വരികയുള്ളൂ. ഓൺലൈൻ അപേക്ഷകർക്ക് തത്സമയം ഫീസടയ്ക്കാൻ സാധിക്കുന്നതിനാൽ ഏപ്രിൽ 30-ന് മുൻപ് അപേക്ഷ പൂർത്തിയാക്കുന്നവർക്ക് പഴയ നിരക്കിന്റെ ആനുകൂല്യം ലഭിക്കും. എന്നാൽ പിആർ അപേക്ഷ നേരത്തെ സമർപ്പിക്കുകയും RPRF ഫീസ് പിന്നീട് അടയ്ക്കാൻ മാറ്റിവെക്കുകയും ചെയ്തവർ, ഏപ്രിൽ 30-ന് ശേഷമാണ് തുക നൽകുന്നതെങ്കിൽ പുതുക്കിയ 600 ഡോളർ തന്നെ നൽകണം.
ഫീസിലുണ്ടാകുന്ന ഈ മാറ്റങ്ങൾ അപേക്ഷകരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാൻ ഐആർസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ‘ഫീ ടൂൾ’ ഉപയോഗിക്കാവുന്നതാണ്. തപാൽ വഴി അപേക്ഷ അയച്ചവരോട് അധിക തുക ആവശ്യമുണ്ടെങ്കിൽ ഐആർസിസി നേരിട്ട് ബന്ധപ്പെടും. ഐആർസിസിയുടെ ഓൺലൈൻ പേയ്മെന്റ് ടൂൾ വഴി ഇത്തരത്തിൽ കുടിശ്ശിക വരുന്ന തുക ഒടുക്കാവുന്നതാണ്. കാനഡയിലെ കുടിയേറ്റ നിയമങ്ങളിലും ഫീസുകളിലും കൃത്യമായ ഇടവേളകളിൽ വരുത്തുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.
canada-hikes-permanent-residence-and-citizenship-fees
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




