ഒട്ടാവ: ഇറാനും സഖ്യകക്ഷികളും തമ്മിലുള്ള യുദ്ധസാഹചര്യം കണക്കിലെടുത്ത് നാല് ഗൾഫ് രാജ്യങ്ങളിലേക്ക് ആളുകളെ തിരികെ അയക്കുന്ന നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കുള്ള ഡിപോർട്ടേഷൻ നടപടികളാണ് നിലവിലെ അനിശ്ചിതാവസ്ഥ മുൻനിർത്തി കാനഡ ഭരണകൂടം മരവിപ്പിച്ചത്.
മേഖലയിൽ നിലനിൽക്കുന്ന പ്രവചനാതീതമായ സുരക്ഷാ വെല്ലുവിളികളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള ആക്രമണസാധ്യതകൾ ഈ രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. കാനഡയുടെ കുടിയേറ്റ നിയമപ്രകാരമുള്ള ‘അഡ്മിനിസ്‌ട്രേറ്റീവ് ഡിഫറൽ ഓഫ് റിമൂവൽസ്’ (ADR) എന്ന ചട്ടമനുസരിച്ചാണ് ഈ നടപടി.
അതേസമയം, ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും സുരക്ഷാ ഭീഷണിയുള്ളവർക്കും ഈ ഇളവ് ബാധകമാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇറാനും ഇസ്രായേൽ-അമേരിക്കൻ സഖ്യവും തമ്മിലുള്ള സംഘർഷം ശക്തമായതോടെയാണ് ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ചത്. മേഖലയിലെ സാഹചര്യം ശാന്തമാകുന്ന മുറയ്ക്ക് മാത്രമേ നാടുകടത്തൽ നടപടികൾ പുനരാരംഭിക്കുകയുള്ളൂ. നേരത്തെ ഇസ്രായേൽ, ലെബനോൺ എന്നീ രാജ്യങ്ങളിലേക്കുള്ള ഡിപോർട്ടേഷൻ നടപടികളും കാനഡ സമാനമായ രീതിയിൽ നിർത്തിവെച്ചിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
War situation: Canada suspends deportations to four Gulf countries



