ഒട്ടാവ: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എയർ കാനഡ സിഇഒ മൈക്കൽ റൂസോ പുറത്തിറക്കിയ വീഡിയോ സന്ദേശം ഇംഗ്ലീഷിൽ മാത്രമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ക്യുബെക് പ്രീമിയർ ഫ്രാൻസ്വാ ലെഗോ. എയർലൈനിലെ ഫ്രഞ്ച് സംസാരിക്കുന്ന ജീവനക്കാരെയും യാത്രക്കാരെയും അവഗണിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രീമിയർ രംഗത്തെത്തിയത്. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ രണ്ട് വാക്കുകൾ മാത്രമാണ് ഫ്രഞ്ച് ഭാഷയിൽ ഉണ്ടായിരുന്നത്.
എയർ കാനഡ വിമാനവും അടിയന്തര സേവന വാഹനവും തമ്മിലുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിക്കുകയും 40-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഒരാൾ ക്യുബെക് സ്വദേശിയാണ്. ഈ സാഹചര്യത്തിൽ പുറത്തിറക്കിയ ഔദ്യോഗിക സന്ദേശത്തിൽ ഫ്രഞ്ച് ഭാഷ ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഭാഷാ കമ്മീഷണർക്ക് 561 പരാതികൾ ലഭിച്ചതായാണ് വിവരം. വിഷയത്തിൽ വിശദീകരണം നൽകാൻ മൈക്കൽ റൂസോയെ ഒട്ടാവയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
നേരത്തെ 2021-ലും സമാനമായ രീതിയിൽ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചതിന് റൂസോ വിമർശനം നേരിട്ടിരുന്നു. അന്ന് ഫ്രഞ്ച് ഭാഷ പഠിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് ഫ്രാൻസ്വാ ലെഗോ കുറ്റപ്പെടുത്തി. ഇത് മൂന്നാം തവണയാണ് റൂസോ ഇത്തരത്തിൽ പെരുമാറുന്നതെന്നും ഇനി ഇത് അംഗീകരിക്കാനാവില്ലെന്നും ക്യുബെക് ജസ്റ്റിസ് മന്ത്രി സൈമൺ ജോലിന്-ബാരറ്റ് വ്യക്തമാക്കി. മൈക്കൽ റൂസോ പരസ്യമായി മാപ്പ് പറയണമെന്നും ഫ്രഞ്ച് സംസാരിക്കുന്ന കാനഡക്കാരെ ബഹുമാനിക്കണമെന്നും ഭാഷാ മന്ത്രി ജീൻ-ഫ്രാൻസ്വാ റോബർജും ആവശ്യപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
LaGuardia crash: French omitted from condolence message; Quebec premier calls for Air Canada chief's resignation



