ഒട്ടാവ: മീഥെയ്ൻ എമിഷൻ നിയന്ത്രിക്കുന്നതിനുള്ള അധികാരം പ്രവിശ്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ആൽബർട്ടയും ഫെഡറൽ സർക്കാരും തമ്മിൽ പ്രാഥമിക ധാരണയിലെത്തി (Agreement-in-principle). ഫെഡറൽ-പ്രവിശ്യാ നിയമങ്ങൾക്കിടയിലുള്ള അവ്യക്തതകൾ ഒഴിവാക്കി, ഊർജ്ജ മേഖലയിലെ എമിഷൻ നിയന്ത്രണം കൂടുതൽ ലളിതമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെ ഇതിനായുള്ള അന്തിമ നിയമങ്ങൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ധാരണ പ്രകാരം, ആൽബർട്ടയിൽ ഫെഡറൽ സർക്കാരിന്റെ മീഥെയ്ൻ നിയന്ത്രണ നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. പകരം പ്രവിശ്യയുടെ സമാനമായ നിയമങ്ങൾക്കായിരിക്കും മുൻഗണന. ഇത് ലാഭകരവും അധിക ചിലവ് കുറയ്ക്കാനും സഹായിക്കുമെന്ന് ആൽബർട്ടയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള ഊർജ്ജ വികസനത്തെയും ശക്തമായ പരിസ്ഥിതി മാനദണ്ഡങ്ങളെയും ഈ കരാർ പിന്തുണയ്ക്കുന്നുവെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ ഒപ്പുവെച്ച മെമ്മോറാണ്ടത്തിന്റെ തുടർച്ചയായാണ് ഈ പുതിയ നീക്കം. പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തന്നെ തൊഴിലവസരങ്ങൾ നിലനിർത്താനും രാജ്യത്തെ ഊർജ്ജ വ്യവസായത്തെ ശക്തിപ്പെടുത്താനും സർക്കാരുകൾ തമ്മിലുള്ള ഈ സഹകരണം സഹായിക്കുമെന്ന് മാർക്ക് കാർണി അഭിപ്രായപ്പെട്ടു. കരാറിന്റെ കരട് രൂപം വൈകാതെ പുറത്തിറക്കും, തുടർന്ന് 60 ദിവസത്തെ പൊതുജന അഭിപ്രായ രൂപീകരണത്തിന് ശേഷം ഇത് അന്തിമമാക്കും.
2014-ലെ കണക്കുകളെ അപേക്ഷിച്ച് 2035-ഓടെ മീഥെയ്ൻ എമിഷൻ 75 ശതമാനമായി കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് മുൻപ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച സമയപരിധിയേക്കാൾ അഞ്ച് വർഷം വൈകിയാണ് നടപ്പിലാക്കുന്നത്. കാർബൺ ഡയോക്സൈഡിനേക്കാൾ അപകടകാരിയായ വാതകമാണ് മീഥെയ്ൻ എന്നതിനാൽ ഇതിന്റെ നിയന്ത്രണം ആഗോളതലത്തിൽ തന്നെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇൻഡസ്ട്രിയൽ കാർബൺ പ്രൈസിംഗ്, കാർബൺ ക്യാപ്‌ചർ തുടങ്ങിയ മറ്റ് വിഷയങ്ങളിൽ സർക്കാരുകൾ തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Alberta and federal governments join forces in decisive move to control methane emissions



