കൊച്ചി: വിദേശ പൗരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സുപ്രധാന വ്യക്തത വരുത്തി കേരള ഹൈക്കോടതി. ഒരു വിദേശിയെ അറസ്റ്റ് ചെയ്യുമ്പോൾ ബന്ധപ്പെട്ട എംബസിയെയോ ഫോറിൻ റീജനൽ രജിസ്ട്രേഷൻ ഓഫിസറെയോ (FRRO) വിവരം അറിയിക്കുന്നത്, പ്രതിയുടെ ബന്ധുക്കളെ അറിയിക്കുന്നതിന് തുല്യമായി കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ലഹരിക്കേസിൽ പ്രതിയായ ടാൻസാനിയൻ പൗരൻ അബ്ദുൽ ഹമിദ് മകാമെയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വിദേശ പൗരന്മാരുടെ കാര്യത്തിൽ വിദേശത്തുള്ള ബന്ധുക്കളെ നേരിട്ട് അറിയിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ, ഔദ്യോഗിക സംവിധാനങ്ങളെ അറിയിക്കുന്നത് നിയമപരമായ ബാധ്യത നിറവേറ്റുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിയ ഹർജിക്കാരൻ ലഹരിമരുന്ന് എത്തിച്ചു നൽകിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, സാമ്പത്തിക ഇടപാടുകൾ ഒഴികെ പ്രതിക്കെതിരെ മറ്റു വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. കർശനമായ ജാമ്യവ്യവസ്ഥകൾക്കൊപ്പം ഫോറിൻ റീജ്യണൽ രജിസ്ട്രേഷൻ ഓഫിസറുടെ നിർദേശങ്ങൾക്കും വിധേയമായിരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
The arrest of foreigners must be reported to the embassy; High Court’s explanation on the BNS system is as follows!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



