പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നടനും സംവിധായകനുമായ രമേഷ് പിഷാരടി നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണത്തിന് തൊട്ടുമുൻപായി നടൻ മമ്മൂട്ടി വീഡിയോ കോളിലൂടെ പിഷാരടിക്ക് ആശംസകൾ നേർന്നു. ഷാഫി പറമ്പിൽ എംപി, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മമ്മൂട്ടിയുമായുള്ള സംഭാഷണം. “മമ്മൂക്കാ, നോമിനേഷൻ കൊടുക്കുകയാണ് കേട്ടോ” എന്ന് പിഷാരടി അറിയിച്ചപ്പോൾ, വിജയപ്രതീക്ഷയോടെ മമ്മൂട്ടി ആശംസകൾ കൈമാറി.
പാലക്കാട് കളക്ടറേറ്റിലെത്തി പത്രിക നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച പിഷാരടി, തന്റെ സിനിമാ സുഹൃത്തുക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറക്കില്ലെന്ന് വ്യക്തമാക്കി. സുഹൃത്തുക്കളെ രാഷ്ട്രീയത്തിലേക്ക് വലിച്ച് ഇഴച്ച് സൈബർ ആക്രമണങ്ങൾക്ക് വിട്ടുകൊടുക്കാൻ താൽപ്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, പാർട്ടി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 25 വർഷമായി കലാരംഗത്ത് സജീവമായ തനിക്ക് ജന്മനാടായ പാലക്കാട്ടെ ജനങ്ങൾ നൽകുന്ന പിന്തുണ വലുതാണെന്ന് പിഷാരടി കൂട്ടിച്ചേർത്തു. വോട്ട് തേടി ജനങ്ങളിലേക്ക് ഇറങ്ങുന്നതോടെ തന്റെ കലാജീവിതത്തിന് താൽക്കാലിക വിരാമമിടുകയാണെന്നും അദ്ദേഹം അറിയിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ നൽകിയ സ്നേഹം വികസന പ്രവർത്തനങ്ങളിലൂടെ തിരിച്ചുനൽകാനാണ് ശ്രമിക്കുന്നതെന്നും, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് പ്രസ്ഥാനത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
"Mammootty, did you hear that I am giving nomination"; Pisharody submits nomination papers with Mammootty's support



