ആലപ്പുഴ: ദശാബ്ദങ്ങളായുള്ള പാർട്ടി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെതിരെ രൂക്ഷമായ വർഗ്ഗവഞ്ചന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കമ്മ്യൂണിസ്റ്റ് സഖാവിനെന്നല്ല, ഒരു സാധാരണ മനുഷ്യന് പോലും ചേരാത്ത വഞ്ചനയാണ് സുധാകരൻ കാണിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട സഖാക്കളിൽ ഒരാളായിരുന്ന സുധാകരൻ മറ്റൊരു കൂട്ടരുമായി ചേരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം വിവിധ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
തിരുത്തലുകൾക്കായി താൻ നേരിട്ട് മൂന്ന് തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സുധാകരൻ പ്രതികരിച്ചില്ലെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. ആദ്യതവണ ഫോൺ തിരക്കിലായിരുന്നു, രണ്ടാമതും മൂന്നാമതും ബെല്ലടിച്ചെങ്കിലും അദ്ദേഹം ഫോൺ എടുക്കാൻ തയ്യാറായില്ല. മനഃപൂർവം ഒഴിവാക്കുകയാണെന്ന് അപ്പോൾ തന്നെ ബോധ്യപ്പെട്ടതായും പിണറായി വിജയൻ പറഞ്ഞു. പിന്നീട് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ഉൾപ്പെടെയുള്ളവർ സുധാകരനെ നേരിൽ കണ്ട് മുഖ്യമന്ത്രി വിളിച്ച കാര്യം ഓർമ്മിപ്പിച്ചെങ്കിലും, താൻ വിളിച്ചിട്ടില്ലെന്ന കള്ളമാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥിയാവുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ സുധാകരൻ കാലേകൂട്ടി എടുത്ത തീരുമാനമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. “ഇത്തരത്തിൽ പോകുന്നവർക്കെല്ലാം സ്ഥാനാർത്ഥി മോഹം മാത്രമാണുള്ളത്. ഇത് പച്ചയായ വർഗ്ഗവഞ്ചനയാണ്,” പിണറായി വിജയൻ പറഞ്ഞു. പാർട്ടിയെ രാഷ്ട്രീയമായി ഒറ്റിക്കൊടുക്കുന്ന നീക്കമാണ് സുധാകരന്റേതെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇത് തിരിച്ചറിയാൻ വൈകിപ്പോയെന്നും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അമ്പലപ്പുഴയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്കെതിരെ സുധാകരൻ നടത്തുന്ന മത്സരത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ ‘മൂന്നാം ഊഴം’ എന്ന സ്വപ്നം വിഫലമാകുമെന്ന് ജി. സുധാകരൻ തിരിച്ചടിച്ചു. സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോൾ കോൺഗ്രസ് വിജയിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആറ് പതിറ്റാണ്ടോളം പ്രസ്ഥാനത്തിനൊപ്പം നിന്ന തനിക്ക് നിർഭയമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, അഴിമതിക്കാർക്കും ക്രിമിനൽ മാഫിയകൾക്കുമെതിരെ നിലകൊള്ളാനാണ് ജനകീയ സ്വതന്ത്രനായി മത്സരിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
A betrayal unbecoming of a communist comrade; Pinarayi Vijayan lashes out at G. Sudhakaran for ignoring the Chief Minister’s phone call!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



