ഒട്ടാവ: കാനഡയിലെ വിവിധ നഗരങ്ങളിൽ വെടിവെപ്പ്, തീവെപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ഇന്ത്യൻ യുവാക്കളെ ഇന്ത്യയിലേക്ക് നാടുകടത്തി. അർഷ്ദീപ് സിംഗ്, സുഖ്‌നാസ് സിംഗ് സന്ധു എന്നിവരെയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പ്രത്യേക സുരക്ഷാ അകമ്പടിയോടെ പുറത്താക്കിയത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ പൗരന്മാരെ തങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് കനേഡിയൻ ഏജൻസി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
2022-ൽ സ്റ്റുഡന്റ് വിസയിലാണ് അർഷ്ദീപ് കാനഡയിലെത്തിയത്. എന്നാൽ പഠനത്തിന് പകരം ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധമാണ് ഇയാൾ തിരഞ്ഞെടുത്തത്. ഒന്റാറിയോയിലെ തീവെപ്പ് കേസ്, എഡ്മന്റണിലെ വെടിവെപ്പ്, സറിയിലെ ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ഇൻഷുറൻസ് തട്ടിപ്പ് കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 19-നാണ് ഇയാളെ നാടുകടത്തിയത്.
രാജ്യാന്തര വിദ്യാർത്ഥികൾ ഉൾപ്പെട്ട ‘ദി റഫിയൻസ്’ (The Ruffians) എന്ന അക്രമി സംഘത്തിന്റെ നേതാവായിരുന്നു 26-കാരനായ സുഖ്‌നാസ്. തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ, വാഹന മോഷണം, പോലീസ് പിന്തുടരുമ്പോൾ വാഹനമോടിച്ച് രക്ഷപ്പെടൽ എന്നിങ്ങനെ അതിസാഹസികമായ കുറ്റകൃത്യങ്ങളിലൂടെയാണ് ഇയാൾ കുപ്രസിദ്ധി നേടിയത്. ഫെബ്രുവരി 3-നാണ് ഇയാളെ കാനഡയിൽ നിന്ന് പുറത്താക്കിയത്.
സറിയിലെ ‘കാപ്‌സ് കഫേ’യ്ക്ക് നേരെ നടന്ന വെടിവെപ്പിന് പിന്നിൽ പ്രവർത്തിച്ച ഗുണ്ടാത്തലവൻ ബന്ധു മാൻ സിംഗ് സെഖോണുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ഫോണിൽ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് ഇതിന് തെളിവായി മാറിയത്. കാനഡയിലെ ഗുണ്ടാ സംഘങ്ങളുടെ ശൃംഖല തകർക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada deports 2 Indians tied to shootings, arson and extortion network



