ടൊറന്റോ: ബ്രാംപ്ടണിൽ യുവതിയെ വെടിവെച്ചുകൊന്ന ശേഷം കുഞ്ഞിനെയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്. 2025 ഒക്ടോബർ 22-ന് പുലർച്ചെ നയാഗ്രയിൽ നടന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനല്ലെന്ന് ഒന്റാറിയോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) ഡയറക്ടർ ജോസഫ് മാർട്ടിനോ അറിയിച്ചു. സ്വയരക്ഷാർത്ഥമാണ് ഉദ്യോഗസ്ഥൻ വെടിയുതിർത്തതെന്നും നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടപടിയെന്നും മാർച്ച് 17-ന് പുറത്തിറക്കിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2025 ഒക്ടോബർ 21-നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ബ്രാംപ്ടണിലെ ഒരു ഷോപ്പിംഗ് മാളിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ വെച്ച് 29-കാരിയായ സവന്ന കുള്ള എന്ന യുവതിയെ പ്രതി ആന്തണി ഡിഷെപ്പർ (38) വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ഇവരുടെ ഒരു വയസ്സുള്ള പെൺകുഞ്ഞിനെയുമായി പ്രതി കടന്നുകളഞ്ഞു. സംഭവത്തെത്തുടർന്ന് പോലീസ് പ്രവിശ്യയിലുടനീളം ‘അംബർ അലർട്ട്’ പ്രഖ്യാപിക്കുകയും തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു. ഇതിനിടെ പ്രതി കുഞ്ഞിനെ സുരക്ഷിതനായി ബന്ധുക്കളുടെ അടുത്തെത്തിച്ച ശേഷം നയാഗ്ര വെള്ളച്ചാട്ടം ലക്ഷ്യമാക്കി രക്ഷപ്പെടുകയായിരുന്നു.
ഒക്ടോബർ 22-ന് പുലർച്ചെ 2:30-ഓടെ നയാഗ്രയിലെ തോറോൾഡ് സ്റ്റോൺ റോഡിലുള്ള ഗ്യാസ് സ്റ്റേഷന് സമീപം പ്രതി സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കണ്ടെത്തി. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഡിഷെപ്പർ മൂന്ന് തവണ പോലീസിന് നേരെ വെടിവെച്ചതായും ഇതിന് മറുപടിയായാണ് ഉദ്യോഗസ്ഥൻ തിരിച്ചടിച്ചതെന്നും റിപ്പോർട്ട് പറയുന്നു. പ്രതിയുടെ നെഞ്ചിലേറ്റ വെടിയുണ്ടയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന സെമി ഓട്ടോമാറ്റിക് തോക്കും പോലീസ് കണ്ടെടുത്തിരുന്നു.
ഉദ്യോഗസ്ഥന്റെ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ വെടിയുതിർത്തത് ന്യായമായ നടപടിയാണെന്ന് ജോസഫ് മാർട്ടിനോ നിരീക്ഷിച്ചു. “മറ്റൊരു വ്യക്തിയെ വെടിവെച്ചുകൊന്ന പ്രതി, തോക്കുപയോഗിച്ച് പോലീസിനെ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ ഉദ്യോഗസ്ഥന് തന്റെയും സഹപ്രവർത്തകരുടെയും ജീവൻ രക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലായിരുന്നു. പ്രതിയെ തടയാൻ തോക്കുപയോഗിച്ചുള്ള പ്രതിരോധം അത്യാവശ്യമായിരുന്നു, എന്നും റിപ്പോർട്ടിൽ പറയുന്നു.
13 സാക്ഷികളെയും രണ്ട് സിവിൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത ശേഷമാണ് എസ്‌ഐയു അന്വേഷണം പൂർത്തിയാക്കിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയുണ്ടായ ഈ വെടിവെപ്പ് സംഭവത്തിൽ നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.
niagara-police-officer-who-fatally-shot-brampton-man-wanted-for-murdering-ex-girlfriend-kidnapping-baby-cleared
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



