തൊടുപുഴ : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജന്മനാ കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ജീവനക്കാരിക്ക് ഹിയറിങ് എയ്ഡ് നൽകി ആദരിച്ചിരിക്കുകയാണ് പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ മഹാറാണി വെഡിങ്ങ് കളക്ഷൻസ്. സ്ഥാപനത്തിലെ ജീവനക്കാരിയായ നിത്യക്കാണ് മാനേജ്‌മെന്റിന്റെ സ്നേഹസമ്മാനമായി ശബ്ദങ്ങളുടെ ലോകത്തേക്ക് തിരികെ വരാൻ അവസരമൊരുങ്ങിയത്. വർഷങ്ങളായി നിശബ്ദതയിലായിരുന്ന നിത്യയുടെ ജീവിതത്തിലേക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതായിരുന്നു ഈ ഔദ്യോഗിക ഇടപെടൽ.
ശാരീരിക പരിമിതികളെ മറികടന്ന് ജോലിയിൽ സജീവമായ നിത്യയെ വനിതാ ദിനത്തിൽ ‘മഹാറാണി’യായി തിരഞ്ഞെടുത്താണ് ആദരിച്ചത്. മഹാറാണി വെഡിങ്ങ് കളക്ഷൻസ് എം.ഡിയും ചെയർമാനുമായ റിയാസ് വി.എ. (റിയാസ് അറ്റ്‌ലസ്) നേരിട്ടെത്തിയാണ് നിത്യക്ക് ഹിയറിംഗ് എയ്ഡ് കൈമാറിയത്. ശ്രവണ സഹായിയിലൂടെ ശബ്ദങ്ങൾ കേട്ടുതുടങ്ങിയ നിത്യ, ഉടൻ തന്നെ വീഡിയോ കോളിലൂടെ വീട്ടുകാരെ വിളിച്ച് തന്റെ സന്തോഷം പങ്കുവെച്ചു. ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന സ്ഥാപനത്തിന്റെ ഈ നടപടി സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്.
മഹാറാണി വെഡിങ്ങ് കളക്ഷൻസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ ഇതിനോടകം അറുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. അലീന പടിക്കൽ, ശ്രീഗോപിക, ഗായകൻ സംഗീത്, മൃദുല വാര്യർ, പാർവതി അയ്യർ തുടങ്ങി കലാരംഗത്തെ പ്രമുഖർ നിത്യക്കും സ്ഥാപനത്തിനും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഭിന്നശേഷിക്കാരെ മാറ്റിനിർത്താതെ അവർക്ക് അർഹമായ തൊഴിലിടവും പരിഗണനയും നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Nithya can now hear everything; 'Maharani' from Maharani Wedding Collection will now fill her ears with sounds



