ഒട്ടാവ: അയൽരാജ്യമായ അമേരിക്കയിലേക്കുള്ള വിനോദയാത്രകൾ കാനഡക്കാർ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതായി നാനോസ് റിസർച്ച് നടത്തിയ പുതിയ സർവേ റിപ്പോർട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും സാമ്പത്തിക ഘടകങ്ങളുമാണ് അമേരിക്കൻ യാത്രകളോടുള്ള കാനഡക്കാരുടെ താൽപ്പര്യം കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സർവേ പ്രകാരം, ഈ വർഷം അമേരിക്കയിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാണ് 43 ശതമാനം കാനഡക്കാരും താല്പര്യപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ കുറവാണിത്. വെറും 4 ശതമാനം ആളുകൾ മാത്രമാണ് അമേരിക്കയിൽ കൂടുതൽ സമയം ചെലവഴിക്കാൻ താല്പര്യപ്പെടുന്നത്. പലരും അമേരിക്കൻ ഉൽപ്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌കരിക്കുന്നതായും വ്യാപാരബന്ധങ്ങളിലെ അസംതൃപ്തി പ്രകടിപ്പിക്കാൻ യാത്രകൾ ഒഴിവാക്കുന്നതായും നാനോസ് റിസർച്ച് മേധാവി നിക് നാനോസ് നിരീക്ഷിച്ചു.
അമേരിക്കൻ യാത്രകൾക്ക് പകരം കാനഡയ്ക്കുള്ളിലെ ആഭ്യന്തര ടൂറിസത്തിനാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. സുരക്ഷയ്ക്കും ബജറ്റിനും മുൻഗണന നൽകുന്ന യാത്രക്കാർ കാനഡയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുകയാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം 2025 ഡിസംബറിൽ അമേരിക്കയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നു മുതൽ എട്ടു വരെ ടെലിഫോൺ വഴിയും ഓൺലൈനായും വിവരങ്ങൾ ശേഖരിച്ചാണ് നാനോസ് റിസർച്ച് ഈ സർവേ റിപ്പോർട്ട് തയ്യാറാക്കിയത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
No more going to America; Canadians' travel plans change, huge survey in tourism sector



