ഒട്ടാവ: കാനഡയിലെ തൊഴിൽ വിപണിയിൽ കടുത്ത തിരിച്ചടി നേരിടുന്നതായി പുതിയ റിപ്പോർട്ടുകൾ. ഫെബ്രുവരി മാസത്തിൽ രാജ്യത്ത് 84,000 പേർക്ക് തൊഴിൽ നഷ്ടമായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നു. ജനുവരിയിൽ ഇത് 6.5 ശതമാനമായിരുന്നു. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിനേക്കാൾ വലിയ തകർച്ചയാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിൽ വിപണിയിലെ ഈ ഇടിവ് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ഏകദേശം ഒരു ലക്ഷത്തിലധികം Full-time ജോലികളാണ് ഇല്ലാതായത്. സ്വകാര്യ മേഖലയിൽ മാത്രം 73,000 തൊഴിലവസരങ്ങൾ കുറഞ്ഞു. ജനുവരിയിൽ 25,000 പേർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഈ വർഷത്തെ ആദ്യ രണ്ട് മാസത്തിനുള്ളിൽ മാത്രം കാനഡയിൽ ആകെ 1,09,000 പേർക്ക് തൊഴിൽ നഷ്ടമായിക്കഴിഞ്ഞു. വ്യാപാര യുദ്ധങ്ങളും ഇറാൻ യുദ്ധം മൂലമുണ്ടായ ആഗോള അനിശ്ചിതത്വവും എണ്ണവില വർധനവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് വിലയിരുത്തൽ.
പുതിയ റിപ്പോർട്ട് പ്രകാരം യുവാക്കളെയാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 15 നും 24 നും ഇടയിൽ പ്രായമുള്ള 47,000 പേർക്ക് കഴിഞ്ഞ മാസം ജോലി നഷ്ടമായി. ഈ വിഭാഗത്തിലെ തൊഴിലില്ലായ്മ നിരക്ക് 14.1 ശതമാനമായി വർധിച്ചു. സർവീസ് സെക്ടറുകളായ ഹോൾസെയിൽ, റീട്ടെയ്‌ൽ വ്യാപാര മേഖലകളിൽ 56,000 തൊഴിലവസരങ്ങൾ കുറഞ്ഞു. നിർമ്മാണ മേഖലയിലും മാനുഫാക്ചറിംഗ് രംഗത്തും 28,000 പേർക്ക് ജോലി നഷ്ടമായിട്ടുണ്ട്. അതേസമയം ട്രാൻസ്പോർട്ടേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ ചുരുക്കം ചില മേഖലകളിൽ നേരിയ തോതിൽ പുതിയ നിയമനങ്ങൾ നടന്നിട്ടുണ്ട്.
പ്രവിശ്യകൾ തിരിച്ചുള്ള കണക്കെടുത്താൽ ക്യൂബെക്കിനെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ 57,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി ഉയരുകയും ചെയ്തു. ബ്രിട്ടീഷ് കൊളംബിയ (-20,000), സസ്‌കാച്ചവൻ (-5,500), മാനിറ്റോബ (-4,000) എന്നിവിടങ്ങളിലും തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്തു. ഒന്റാറിയോയിൽ തൊഴിൽ സാഹചര്യങ്ങളിൽ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ജോലി അന്വേഷിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ അവിടുത്തെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി ഉയർന്നു. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ മാത്രമാണ് (2,100) പുതിയ തൊഴിലവസരങ്ങൾ ഉണ്ടായത്.
നിലവിലെ സാഹചര്യത്തിൽ തൊഴിൽ അന്വേഷിക്കുന്നവർ തങ്ങളുടെ മേഖലയ്ക്ക് പുറത്തുള്ള താൽക്കാലിക ജോലികളോ കരാർ ജോലികളോ പരിഗണിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. വരും മാസങ്ങളിൽ തൊഴിൽ വിപണി എങ്ങനെ പ്രതികരിക്കുമെന്നത് കാനഡയുടെ സാമ്പത്തിക നയങ്ങളിൽ നിർണ്ണായകമാകും.
Canada's job market suffers major setback; 84,000 people lost their jobs in February alone, report says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



