മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടീമിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നു. നിലവിലെ നായകനായ സൂര്യകുമാർ യാദവിൻ്റെ പിൻഗാമിയായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. ലോകകപ്പിലെ മിന്നും പ്രകടനവും ഐപിഎല്ലിലെ നായകപരിചയവും സഞ്ജുവിന് അനുകൂല ഘടകങ്ങളാണെന്ന് കൈഫ് ചൂണ്ടിക്കാട്ടി.
പ്രായം വില്ലനാകുമ്പോൾ സഞ്ജുവിന് സാധ്യത
നിലവിലെ നായകൻ സൂര്യകുമാർ യാദവിന് ഇപ്പോൾ 35 വയസ്സാണ് പ്രായം. 2028-ലെ ഒളിമ്പിക്സും അടുത്ത ലോകകപ്പും ലക്ഷ്യമിടുമ്പോൾ സൂര്യക്ക് 37 വയസ്സ് പിന്നിടും. ദീർഘകാലാടിസ്ഥാനത്തിൽ ഒരു നായകനെ കണ്ടെത്തണമെങ്കിൽ 31-കാരനായ സഞ്ജു സാംസൺ ആണ് ഏറ്റവും അനുയോജ്യനെന്നാണ് കൈഫ് പറയുനന്നത്. ഫോമും ഫിറ്റ്‌നസും നിലനിർത്തിയാൽ സൂര്യക്ക് തുടരാമെങ്കിലും, ഭാവി മുൻനിർത്തിയുള്ള നീക്കങ്ങളിൽ സഞ്ജുവിനാണ് മുൻതൂക്കം. ഒരു കാലത്ത് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ശുഭ്മാൻ ഗില്ലിന് ഇനി സാധ്യതയില്ലെന്നും കൈഫ് കൂട്ടിച്ചേർത്തു.
നേതൃപാടവവും അനുഭവസമ്പത്തും
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 2022-ൽ ഫൈനലിലെത്തിച്ച സഞ്ജുവിൻ്റെ ക്യാപ്റ്റൻസി മികവ് ഇതിനോടകം ചർച്ചയായതാണ്. ബൗളിംഗ് മാറ്റങ്ങൾ വരുത്തുന്നതിലും ഫോമിലല്ലാത്ത താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിലും സഞ്ജു പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്നു. ലോകകപ്പിൽ യുവതാരം അഭിഷേക് ശർമ്മയെ സഞ്ജു പിന്തുണച്ച രീതി ഇതിന് ഉദാഹരണമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ചെങ്കിലും ഇഷാൻ കിഷന് ഐപിഎൽ പോലുള്ള വലിയ വേദികളിൽ ടീമിനെ നയിച്ച പരിചയമില്ലാത്തത് സഞ്ജുവിന് ഗുണകരമാകും. വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിന് ഐപിഎല്ലിൽ നായകനെന്ന നിലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ബാറ്റിംഗിലെ കരുത്തും സിഎസ്കെ പ്രവേശനവും
ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെൻ്റ്’ പുരസ്കാരം നേടിയ സഞ്ജു, അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസുമായി ഇന്ത്യയുടെ ടോപ്പ് സ്കോററായിരുന്നു. അതേസമയം, നായകൻ സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് ഫോം ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി അന്താരാഷ്ട്ര ടി20യിൽ ഒരു അർദ്ധ സെഞ്ചുറി പോലും നേടാൻ സൂര്യക്ക് കഴിഞ്ഞിട്ടില്ല. ലോകകപ്പ് ഫൈനലിൽ ഗോൾഡൻ ഡക്കായതും താരത്തിന് തിരിച്ചടിയാണ്. വരാനിരിക്കുന്ന ഐപിഎൽ സീസീണിൽ രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്
സഞ്ജു ചേക്കേറുന്നത് അദ്ദേഹത്തിന് പുതിയൊരു വഴിത്തിരിവാകും. എം.എസ്. ധോണിയുടെ പാത പിന്തുടരുന്ന സഞ്ജുവിന് ചെന്നൈയിലെ പ്രകടനം ഇന്ത്യൻ നായകസ്ഥാനത്തേക്കുള്ള ദൂരം കുറയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഗൗതം ഗംഭീർ പരിശീലകനായെത്തിയതോടെ ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാണ് സൂര്യകുമാറിനെ ചുമതലയേൽപ്പിച്ചത്. എന്നാൽ സ്ഥിരതയാർന്ന പ്രകടനവും പക്വതയുള്ള നേതൃത്വവും ഒത്തുചേരുന്ന സഞ്ജു സാംസണിലേക്ക് സെലക്ടർമാരുടെ കണ്ണ് എന്ന് പതിയുമെന്നാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
skipper-sanju-former-cricketer-mohammad-kaif-backs-sanju-samson-for-t20i-captaincy
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



