നയാഗ്ര: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നയാഗ്ര മേഖലയിൽ അനുഭവപ്പെട്ടിരുന്ന വെയിലിനും തെളിഞ്ഞ കാലാവസ്ഥയ്ക്കും മാറ്റം വരുന്നു. ചൊവ്വാഴ്ച മുതൽ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ പ്രത്യേക കാലാവസ്ഥാ പ്രസ്താവനയിലൂടെ അറിയിച്ചു. മഴയെത്തുടർന്ന് പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധനാഴ്ച വരെ നീണ്ടുനിൽക്കാനാണ് സാധ്യത. ഈ കാലയളവിൽ ഏകദേശം 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. പെട്ടെന്നുണ്ടാകുന്ന ശക്തമായ മഴപ്പാച്ചിൽ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. വാഹനയാത്രികർ പ്രത്യേകം ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാധാരണ ഗതിയിൽ ലഭിക്കുന്ന മഴയേക്കാൾ ആശങ്കയുണ്ടാക്കുന്നത് നിലവിലെ മണ്ണിന്റെ അവസ്ഥയാണ്. മണ്ണ് ഇപ്പോഴും തണുത്തുറഞ്ഞ നിലയിലായതിനാലും ഈർപ്പം കൂടുതലായതിനാലും മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ പ്രായോഗികമായ തടസ്സങ്ങളുണ്ട്. ഇത് വെള്ളം പെട്ടെന്ന് ഉയരാനും താഴ്ന്ന പ്രദേശങ്ങളിൽ പ്രളയസാഹചര്യത്തിനും ഇത് കാരണമായേക്കാം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളം കയറാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് മുൻകരുതലുകൾ സ്വീകരിക്കണം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം നേരിടാൻ സജ്ജമായിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വരും മണിക്കൂറുകളിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാനും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരാനും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
niagara-weather-statement-significant-rainfall
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



