ആൽബർട്ട: വടക്കൻ ആൽബർട്ടയിലെ സ്വാൻ ഹിൽസ് ടൗണിലുള്ള പ്രമുഖ സ്കൂൾ കനത്ത കാറ്റിൽ തകരാറുകൾ സംഭവിച്ചതിനെത്തുടർന്ന് താൽക്കാലികമായി അടച്ചു. ഞായറാഴ്ച വീശിയടിച്ച അതിശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതോടെയാണ് തിങ്കളാഴ്ച മുതൽ സ്കൂൾ അടച്ചിടാൻ പെമ്പിന ഹിൽസ് സ്കൂൾ ഡിവിഷൻ തീരുമാനിച്ചത്.
സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന ടൗൺ സ്വിമ്മിംഗ് പൂളിന്റെ മേൽക്കൂര പറന്നുപോകുകയും ഇത് സ്കൂൾ കെട്ടിടത്തിന്റെ ജിംനേഷ്യത്തിലും പ്രധാന മേൽക്കൂരയിലും പതിക്കുകയുമായിരുന്നു. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയതെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. സ്കൂൾ മുറ്റത്ത് മേൽക്കൂരയുടെ ഭാഗങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ നാട്ടുകാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് സ്കൂൾ അടച്ചതെന്ന് സൂപ്രണ്ട് ബ്രെറ്റ് കൂപ്പർ വ്യക്തമാക്കി. എഞ്ചിനീയർമാർ കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന നടത്തിവരികയാണ്. കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ക്ലാസുകൾ പുനരാരംഭിക്കൂ. അതുവരെ കെ-12 ഗ്രേഡുകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് പഠനം ഓൺലൈനായി തുടരും.
സ്വാൻ ഹിൽസ് കമ്മ്യൂണിറ്റിയുടെ പ്രധാന കേന്ദ്രമായ സ്കൂൾ എത്രയും വേഗം തുറക്കാൻ സാധിക്കുമെന്ന് ബോർഡ് ചെയർ വിക്ടോറിയ കെയ്ൻ പ്രത്യാശ പ്രകടിപ്പിച്ചു. ആൽബർട്ടയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയുണ്ടായ കാറ്റിലും മഞ്ഞുവീഴ്ചയിലും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
School in north-central Alberta closed after strong wind damages roof



