ബർണബി: ട്രാൻസ്-കാനഡ ഹൈവേയിലെ തിരക്കേറിയ എച്ച്.ഒ.വി (HOV) ലൈനിലൂടെ ഇലക്ട്രിക് ട്രൈസൈക്കിൾ ഓടിച്ച യാത്രക്കാരനെ തടഞ്ഞുനിർത്തി ബർണബി ആർ.സി.എം.പി.. കഴിഞ്ഞ വ്യാഴാഴ്ച റഷ് അവറിലായിരുന്നു ഹൈവേ നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ട്രൈസൈക്കിൾ യാത്ര പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന ഓർമ്മപ്പെടുത്തലുമായി സംഭവത്തിന്റെ ചിത്രം പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഹൈവേയിലെ പ്രത്യേക ലൈനുകളിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്ന് അധികൃതർ അറിയിച്ചു. നിയമപ്രകാരം എച്ച്.ഒ.വി ലൈനുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും പ്രവേശനമുണ്ടെങ്കിലും അവയ്ക്ക് കുറഞ്ഞത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത ഉണ്ടായിരിക്കണം. എന്നാൽ ബി.സി.യിലെ നിയമമനുസരിച്ച് ഇലക്ട്രിക് ട്രൈസൈക്കിളുകളുടെ പരമാവധി വേഗത മണിക്കൂറിൽ 32 കിലോമീറ്റർ മാത്രമാണ്.
കുറഞ്ഞ വേഗതയിൽ ഇത്തരം വാഹനങ്ങൾ ഹൈവേയിൽ പ്രവേശിക്കുന്നത് മറ്റ് വാഹനങ്ങളുടെ സുഗമമായ യാത്രയെ തടസ്സപ്പെടുത്തുന്നതിനാലാണ് നടപടി സ്വീകരിച്ചത്.
നിയമം ലംഘിച്ച് ഹൈവേയിൽ പ്രവേശിക്കുന്നവർക്ക് 109 ഡോളർ പിഴ ഈടാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ലോവർ മെയിൻലാൻഡിലൂടെ കടന്നുപോകുന്ന ഹൈവേ 1-ന്റെ ഭൂരിഭാഗം ഇടങ്ങളിലും സൈക്കിളുകൾക്കും ട്രൈസൈക്കിളുകൾക്കും നിരോധനമുണ്ട്. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങളും ഹൈവേ നിയമങ്ങളും കൃത്യമായി മനസ്സിലാക്കണമെന്നും പോലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Burnaby police stop tricycle for breaking highway law



