വിനിപെഗ്: നഗരത്തിലെ വിവിധ സ്കൂളുകളിൽ വ്യാജ ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെയും മുപ്പതുകാരിയെയും അറസ്റ്റ് ചെയ്ത് വിനിപെഗ് പോലീസ്. ഫെബ്രുവരി ആദ്യം മുതൽ സ്കൂളുകളെ ഭീഷണിപ്പെടുത്തിയ 12 സംഭവങ്ങളിൽ മൂന്നെണ്ണത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ടൊറന്റോ സ്വദേശിനിയായ 30 വയസുകാരി, 13-ഉം 16-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ എന്നിവർക്കെതിരെയാണ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതെന്ന് പോലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 3 മുതൽ 19 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭീഷണികളിൽ ഭൂരിഭാഗവും സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് പ്രചരിച്ചത്. ഹാസ്റ്റിംഗ്സ് ബൂളിവാർഡ്, സ്കോട്ടിയ സ്ട്രീറ്റ്, ഫ്ലോറ അവന്യൂ എന്നിവിടങ്ങളിലെ സ്കൂളുകളെ സംബന്ധിച്ച കേസുകളിലാണ് നിലവിലെ നടപടി. ഭീഷണികൾ ഒന്നും തന്നെ നേരിട്ടുള്ള ആക്രമണങ്ങളായിരുന്നില്ലെങ്കിലും മുൻകരുതൽ നടപടിയായി വിൻസർ പാർക്ക് കോളീജിയേറ്റ്, ഗാർഡൻ സിറ്റി കോളീജിയേറ്റ്, സെന്റ് ജോൺസ് ഹൈസ്കൂൾ തുടങ്ങിയവ പല ദിവസങ്ങളിലും അടച്ചിടേണ്ടി വന്നു. ഇത് വിദ്യാർത്ഥികളുടെ പഠനത്തെയും രക്ഷിതാക്കളുടെ ആശങ്കയെയും കാര്യമായി ബാധിച്ചു.
അന്വേഷണം തുടരുന്ന അഞ്ച് കേസുകളിൽ പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങൾ തമാശയല്ലെന്നും ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് അവരുടെ ഭാവി തകർക്കുമെന്നും, രക്ഷിതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സാർജന്റ് വെൻ അഭ്യർത്ഥിച്ചു. ഭീഷണികൾ ശ്രദ്ധയിൽപ്പെട്ടാൽ അവ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് പകരം ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Three people, including a woman, arrested in Winnipeg over fake threats against schools



