മോങ്ക്ടൺ : പുരുഷന്മാരുടെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന ട്രാൻസ്ജെൻഡർ തടവുകാരി തന്നെ വനിതാ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 58 വയസ്സുള്ള അമൻഡ ജോയ് കൂപ്പർ ആണ് കറക്ഷണൽ സർവീസ് ഓഫ് കാനഡയുമായുള്ള നിയമപോരാട്ടം അവസാനിക്കുന്നത് വരെ തന്നെ വനിതാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് ഫെഡറൽ കോടതിയോട് ആവശ്യപ്പെട്ടത്. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് 20 വർഷത്തിലേറെയായി ഇവർ തടവിലാണ്. 2024-ൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇവർ, നിലവിൽ ഒന്റാറിയോയിലെ മിൽഹാവൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് കഴിയുന്നത്.
സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ പുരുഷ തടവുകാരുമായി സമ്പർക്കം പുലർത്താതെ സ്വയം ഒഴിഞ്ഞുമാറിയാണ് കഴിയുന്നതെന്ന് കൂപ്പർ കോടതിയെ അറിയിച്ചു. ലിംഗ വ്യക്തിത്വത്തിന് അനുയോജ്യമായ ജയിലുകളിൽ തടവുകാരെ പാർപ്പിക്കണമെന്ന നയം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ അഭിഭാഷക ജെസീക്ക റോസ് വാദിച്ചത്. എന്നാൽ, കൂപ്പറെ വനിതാ ജയിലിലേക്ക് മാറ്റുന്നത് മറ്റ് തടവുകാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കറക്ഷണൽ സർവീസ് ഓഫ് കാനഡ കോടതിയിൽ വ്യക്തമാക്കി.
കൂപ്പർ മുമ്പ് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയ സംഭവങ്ങളും മറ്റ് തടവുകാർക്കിടയിൽ സൃഷ്ടിച്ച പ്രശ്നങ്ങളും അധികൃതർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇവരുടെ സാന്നിധ്യം വനിതാ തടവുകാർക്ക് ഉയർന്ന അപകടസാധ്യതയുണ്ടാക്കുമെന്നും അതിനാൽ ക്യുബെക്കിലെ വനിതാ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ നേരത്തെ നിരസിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷക ലോറ റോഡ്‌സ് അറിയിച്ചു. 2025 ജൂലൈയിലെ കണക്കനുസരിച്ച് കാനഡയിലെ ജയിലുകളിൽ 125 ട്രാൻസ്ജെൻഡർ തടവുകാരാണുള്ളത്. ഇതിൽ 88 ട്രാൻസ് സ്ത്രീകളിൽ 72 പേരും പുരുഷ ജയിലുകളിലാണ് കഴിയുന്നത്.
ജസ്റ്റിസ് ലവ് സെന്റ്-ഫ്ലൂർ ഹർജിയിൽ വാദം കേൾക്കുകയും വിധി പറയാനായി മാറ്റിവെക്കുകയും ചെയ്തു. കൂപ്പർ നിലവിൽ മറ്റ് തടവുകാരിൽ നിന്ന് മാറി പ്രത്യേക സെല്ലിലാണ് കഴിയുന്നത്. ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ ഭയപ്പെടുന്നതായും തടവുകാരിൽ നിന്നും ജീവനക്കാരിൽ നിന്നും അപമാനകരമായ പെരുമാറ്റം നേരിടുന്നുണ്ടെന്നും കൂപ്പർ സത്യവാങ്മൂലത്തിൽ ആരോപിച്ചു. കേസിൽ കോടതിയുടെ അന്തിമ തീരുമാനം പിന്നീട് പുറപ്പെടുവിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Petition to transfer transgender inmate to women’s prison: Correctional Service of Canada opposes application



