ന്യൂ ബ്രൺസ്‌വിക്ക് : സെയിന്റ് ജോൺസ് ഡൊമിനിയൻ പാർക്കിൽ ഫാമിലി ഡേ വാരാന്ത്യത്തോടനുബന്ധിച്ച് നൂറുകണക്കിന് ആളുകൾ ഐസ് ഫിഷിംഗിൽ പങ്കെടുത്തു. ഡൊമിനിയൻ പാർക്ക് ഐസ് ഫിഷിംഗ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഞായറാഴ്ച പരിപാടി സംഘടിപ്പിച്ചത്. ശീതകാലത്തിനായി സജ്ജീകരിച്ചിരിക്കുന്ന ഐസ് ഫിഷിംഗ് വില്ലേജിലെ ഡസൻ കണക്കിന് താല്ക്കാലിക കൂടാരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ നടന്നത്.
എല്ലാ പ്രായത്തിലുമുള്ള ആളുകൾ പങ്കെടുത്ത പരിപാടിയിൽ മത്സ്യബന്ധനത്തിന് പുറമെ ബോധവൽക്കരണ ക്ലാസുകളും സമ്മാനപദ്ധതികളും ഒരുക്കിയിരുന്നു. പ്രദേശത്തെ ഐസ് ഫിഷിംഗിനെക്കുറിച്ച് കുട്ടികൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. പിടികൂടിയ മത്സ്യങ്ങൾ പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യവും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. വെസ്റ്റ് സൈഡ് ഫുഡ് ബാങ്കിലേക്ക് സംഭാവനകൾ നൽകാനും സന്ദർശകർക്ക് അവസരമൊരുക്കിയിരുന്നു.
അനുഭവപരിചയമുള്ളവരും ആദ്യമായി എത്തിയവരും ഒരുപോലെ പരിപാടിയിൽ താല്പര്യത്തോടെ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. പ്രാദേശിക സ്കൗട്ട് ഗ്രൂപ്പുകളിൽ നിന്നുള്ള നിരവധി കുട്ടികളും ഐസ് ഫിഷിംഗിന്റെ വിദ്യകൾ പഠിക്കാൻ എത്തിയതായി സ്കൗട്ട് കമ്മീഷണർ ബ്രെൻഡ ഗ്രഹാം വ്യക്തമാക്കി. തുടക്കക്കാരെ സഹായിക്കാൻ പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികൾ സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് അസോസിയേഷൻ ചെയർമാൻ ക്രിസ് ഹാർഡ് അറിയിച്ചു.
ഫാമിലി ഡേ വാരാന്ത്യത്തിൽ ലൈസൻസ് ഇല്ലാതെ തന്നെ മത്സ്യബന്ധനം നടത്താൻ ന്യൂ ബ്രൺസ്‌വിക് പ്രവിശ്യാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. ഡൊമിനിയൻ പാർക്കിലെ മത്സ്യബന്ധന മേഖല ടൈഡൽ വാട്ടർ പരിധിയിൽ വരുന്നതിനാൽ ഇവിടെ എപ്പോഴും ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം നടത്താൻ സാധിക്കുമെന്ന് അധികൃതർ വിശദീകരിച്ചു. കാലാവസ്ഥ അനുകൂലമായത് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ കാരണമായതായും വിലയിരുത്തലുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ice fishing was a blast; Family Day was celebrated in St. John’s



