ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ ‘കാട്ടുചെമ്പകം’ പുറത്തിറങ്ങിയതോടെ ആരാധകർ ആവേശത്തിലാണ്. പ്രശസ്ത ബോളിവുഡ് ഗായകൻ വിശാൽ മിശ്ര ആദ്യമായി മലയാളത്തിൽ പിന്നണി പാടിയ ഈ ഗാനത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരു പീരീഡ് ഡ്രാമയായാണ് അണിയറയിൽ ഒരുങ്ങുന്നത്. കയാദു ലോഹറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഗാനം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചയാകുന്നത് ചിത്രത്തിലെ ടൊവിനോയുടെ വേറിട്ട ലുക്കിനെക്കുറിച്ചാണ്. പഴയകാല മമ്മൂട്ടി കഥാപാത്രങ്ങളായ ‘സംഘ’ത്തിലെ കുട്ടപ്പായിയെയും ‘ഒരു മറവത്തൂർ കനവി’ലെ ചാണ്ടിക്കുഞ്ഞിനെയും ഓർമ്മിപ്പിക്കുന്നതാണ് ടൊവിനോയുടെ ഗാനരംഗങ്ങളിലെ വേഷപ്പകർച്ചയെന്ന് ആരാധകർ കുറിക്കുന്നു. റെട്രോ ശൈലിയിലുള്ള ഈ ലുക്ക് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ടിജോ ടോമി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ദൃശ്യഭംഗിയും ഗാനത്തിന് മുതൽക്കൂട്ടാവുന്നുണ്ട്.
ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു രചന നിർവഹിച്ച ഈ ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
tovino-in-mammoottys-old-look-song-from-pallichattambi-goes-viral
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



