ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ലെ (X) നിർമ്മിത ബുദ്ധി സംവിധാനമായ ‘ഗ്രോക്ക്’ (Grok) ഉപയോഗിച്ച് എപ്സ്റ്റീൻ ഫയലുകളിലെ മറച്ചുവെച്ച ഭാഗങ്ങൾ വ്യാജമായി നിർമ്മിക്കുന്നതായി കണ്ടെത്തി അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ബെല്ലിംഗ്കാറ്റ്. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട രേഖകളിലെ കറുത്ത മഷി ഉപയോഗിച്ച് മറച്ച (Redacted) ചിത്രങ്ങൾ തുറന്നു കാണാൻ ഉപയോക്താക്കൾ എഐ ടൂളിനെ ഉപയോഗിക്കുന്നതായും ഇത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകുന്നുണ്ടെന്നും ഏജൻസി ഡയറക്ടർ ജിയാൻകാർലോ ഫിയോറെല്ല വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളിലെ നിഗൂഢതകൾ നീക്കാനാണ് പലരും എഐ സഹായം തേടുന്നത്. എന്നാൽ, കറുത്ത ബോക്സുകൾക്കുള്ളിലെ യഥാർത്ഥ വിവരങ്ങൾ വായിക്കാൻ എഐ സംവിധാനങ്ങൾക്ക് കഴിയില്ലെന്നും പകരം ലഭ്യമായ മറ്റ് സൂചനകൾ വെച്ച് പുതിയ ചിത്രങ്ങൾ സൃഷ്ടിക്കുകയാണ് ഇവ ചെയ്യുന്നതെന്നും ഫിയോറെല്ല ചൂണ്ടിക്കാട്ടി. ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെയുള്ള കാലയളവിൽ ഗ്രോക്ക് വഴി നടത്തിയ 31 പരിശോധനകളിൽ 27 എണ്ണത്തിലും പൂർണ്ണമായും വ്യാജമായ ചിത്രങ്ങളാണ് നിർമ്മിക്കപ്പെട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകനേതാക്കൾ എപ്സ്റ്റീനൊപ്പമുള്ള രീതിയിലുള്ള വ്യാജ ചിത്രങ്ങൾ ഇത്തരത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ന്യൂയോർക്ക് മേയർ സൊഹ്റാൻ മാംദാനി എന്നിവരുടെ പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനും ഗൂഢലക്ഷ്യങ്ങളോടെ ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ബെല്ലിംഗ്കാറ്റ് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ എക്സ് അധികൃതരുടെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Epstein Files: Report: AI tool in X used to create fake images



