സെന്റ് കാതറിൻസ് : സെന്റ് കാതറിൻസിലെ പാർക്കിലുണ്ടായ തീപിടുത്തത്തിൽ 53 വയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് നയാഗ്ര റീജിയണൽ പോലീസ് സ്ഥിരീകരിച്ചു. 2026-ൽ നയാഗ്ര മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കൊലപാതക കേസാണിത്. കഴിഞ്ഞ ചൊവ്വാഴ്ച (Feb 10) പുലർച്ചെ 3:15-ഓടെ ഗ്ലെൻഡേൽ അവന്യൂവിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് മൗണ്ടൻ ലോക്സ് പാർക്കിന് സമീപമുള്ള വനമേഖലയിൽ തീ ഉയരുന്നത് ശ്രദ്ധിച്ചത്. ഉടനടി സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ കത്തിയമർന്ന ഒരു ടെന്റാണ് അവിടെ കണ്ടത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് ടെന്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
ഫോറൻസിക് വിദഗ്ധരും ഡിറ്റക്ടീവുകളും സ്ഥലത്തെത്തി ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശം പോലീസ് വളയുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ അദ്ദേഹത്തിന്റെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഈ സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ലെങ്കിലും ഊർജിതമായ അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ ഗ്ലെൻഡേൽ അവന്യൂ, മൗണ്ടൻ ലോക്സ് പാർക്ക് പരിസരങ്ങളിൽ സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടവരോ സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
53-year-old man dies in tent fire in St. Catharines, confirmed to be a homicide;



