‘Exercise snacks’ എന്ന പുതിയ ആരോഗ്യ പ്രവണത
ഇന്നത്തെ തിരക്കേറിയ ലോകത്ത്, പലർക്കും ദീർഘനേരം വ്യായാമം ചെയ്യാൻ സമയം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എന്നാൽ, ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ പഠനങ്ങൾ ഒരു ആശ്വാസകരമായ വാർത്ത നൽകുന്നു. ദിവസവും അല്പസമയം മാത്രം നീണ്ടുനിൽക്കുന്ന വ്യായാമങ്ങൾ – ‘Exercise snacks’ എന്നറിയപ്പെടുന്നവ – ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്.
‘Exercise snacks’ എന്നത് 30 സെക്കൻഡ് മുതൽ 10 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ചെറിയ ശാരീരിക പ്രവർത്തനങ്ങളാണ്. നടത്തം, പടികൾ കയറിയിറങ്ങൽ, സ്ക്വാറ്റുകൾ, നൃത്തം, പുഷ്-അപ്പുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഒരു മണിക്കൂർ നീണ്ട വ്യായാമങ്ങൾക്ക് പകരം, ദിവസം മുഴുവൻ ഇത്തരം ചെറിയ വ്യായാമങ്ങൾ ചെയ്യുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.ഏറ്റവും പുതിയ പഠനങ്ങൾ അനുസരിച്ച്, ഈ ചെറിയ വ്യായാമങ്ങൾ വ്യക്തികളുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും, ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനും, മസ്തിഷ്ക ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
ദിവസവും 3.5 മുതൽ 4.5 മിനിറ്റ് വരെ ശക്തമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് കാൻസർ സാധ്യത 32% വരെ കുറയ്ക്കുന്നുവെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, ഇത്തരം ചെറിയ ദൈനംദിന വ്യായാമങ്ങൾ ഡിമെൻഷ്യ അഥവാ മറവിരോഗത്തിന്റെ സാധ്യതയും കുറയ്ക്കുന്നു.’Exercise snacks’ എന്ന ആശയം നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള ധാരണയിൽ ഒരു മാറ്റം കൊണ്ടുവരുന്നു. ദീർഘ വ്യായാമ സെഷനുകൾക്ക് പകരം, ദിവസം മുഴുവൻ ചെറിയ വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് ഒരേപോലെ അല്ലെങ്കിൽ ചിലപ്പോൾ കൂടുതൽ ഫലപ്രദമാകാം.



