ടൊറന്റോ: ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2025 ഫെബ്രുവരി 17-ന് നടന്ന ഡെൽറ്റ എയർലൈൻസ് വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. അപകടം നടന്ന് ഒരു വർഷം തികയാനിരിക്കെയാണ് ബോർഡ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് സ്ഥിരീകരിക്കാൻ നിലവിൽ സാധ്യമല്ലെന്നും കൂടുതൽ വിശകലനങ്ങൾ ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ള എൻഡവർ എയർ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ ഇടിച്ചിറങ്ങുകയും തലകീഴായി മറിയുകയുമായിരുന്നു. അപകടസമയത്ത് വിമാനത്തിന് തീപിടിക്കുകയും വലതു ചിറകും വാല് ഭാഗവും വേർപെടുകയും ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്ന 80 പേരിൽ 21 യാത്രക്കാരെ പരിക്കുകളോടെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെടെയുള്ളവ ശേഖരിച്ച് പരിശോധിച്ചതായും കാലാവസ്ഥാ റിപ്പോർട്ടുകൾ വിലയിരുത്തിയതായും ടിഎസ്ബി അറിയിച്ചു.
വിമാനം നിലത്തിടിച്ചപ്പോൾ കോക്പിറ്റ് വാതിൽ ജാമായതായും വിമാനത്തിന്റെ ഭാരം അനുവദനീയമായ പരിധിയിലായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനം ലാൻഡിങ്ങിനായി താഴ്ന്നുവന്ന രീതിയും അടിയന്തര രക്ഷാപ്രവർത്തനത്തിലെ ഏകോപനവും ഇപ്പോൾ വിശദമായി പരിശോധിച്ചു വരികയാണ്. ലോകമെമ്പാടുമുള്ള സമാനമായ വിമാനാപകടങ്ങളുമായി ഈ സംഭവത്തെ താരതമ്യം ചെയ്താണ് അന്വേഷണം മുന്നോട്ട് പോകുന്നത്. അന്തിമ റിപ്പോർട്ട് തയാറാക്കുന്നതോടെ വിമാന സുരക്ഷയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യോമയാന മന്ത്രാലയത്തിന് ശുപാർശകൾ നൽകുമെന്നും ബോർഡ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New details released about Pearson plane crash investigation



