വാഷിംഗ്ടൺ; കാനഡയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. കാനഡയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നത് ലോകത്തിലെ തന്നെ ഏറ്റവും മോശമായ കാര്യമാണെന്നും വർഷങ്ങളായി അവർ അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കാനഡയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ അധിക നികുതി (താരിഫ്) നീക്കം ചെയ്യാനായി യുഎസ് ജനപ്രതിനിധി സഭയിൽ പ്രതീകാത്മക വോട്ടെടുപ്പ് നടന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
കാനഡയുമായുള്ള അതിർത്തി വഴി അമേരിക്കയിലേക്ക് മയക്കുമരുന്ന് (ഫെന്റനൈൽ) ഒഴുകുന്നുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ വർഷം ട്രംപ് 35 ശതമാനം താരിഫ് ഏർപ്പെടുത്തിയത്. എന്നാൽ, ഈ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ ആറ് റിപ്പബ്ലിക്കൻ അംഗങ്ങളും പിന്തുണച്ചു. സഭയിൽ പ്രമേയം പാസായെങ്കിലും ട്രംപിന്റെ വീറ്റോ അധികാരം മറികടക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇതിനില്ല. അതിനാൽ തന്നെ ട്രംപ് ഈ പ്രമേയം തള്ളാനാണ് സാധ്യത.
കാനഡ തങ്ങളുടെ സഖ്യകക്ഷിയാണെന്നും അതിർത്തി വഴി മയക്കുമരുന്ന് എത്തുന്നു എന്ന ട്രംപിന്റെ വാദം തെറ്റാണെന്നും ഡെമോക്രാറ്റിക് അംഗങ്ങൾ സഭയിൽ വാദിച്ചു. ട്രംപിന്റെ താരിഫ് നയം കാരണം അമേരിക്കയിലെ ബിസിനസുകളും ടൂറിസം മേഖലയും തകർച്ച നേരിടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, താരിഫിനെതിരെ വോട്ട് ചെയ്യുന്ന റിപ്പബ്ലിക്കൻ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ലോകരാജ്യങ്ങൾ കാനഡയ്ക്ക് അനുശോചനം അറിയിക്കുമ്പോഴും ട്രംപ് കാനഡയെ കടന്നാക്രമിക്കുന്നത് തുടരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Trump slams Canada as U.S. House passes symbolic vote to end tariffs



