ഒട്ടാവ: കാനഡയിലെ ജനസംഖ്യയിൽ 25 ശതമാനം പേർ വിവിധ തരത്തിലുള്ള തട്ടിപ്പുകൾക്കോ ഭീഷണികൾക്കോ ഇരയാകുതായി പ്രമുഖ പോളിംഗ് ഏജൻസിയായ ലെജർ പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട്. ഫെബ്രുവരി ആറ് മുതൽ ഒൻപത് വരെ രാജ്യത്തെ 1,536 പേർക്കിടയിൽ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്തവരിൽ 71 ശതമാനം പേർ തങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയപ്പോൾ, ബാക്കിയുള്ളവർ തട്ടിപ്പുകൾക്ക് ഇരയായതായും അല്ലെങ്കിൽ അതേക്കുറിച്ച് പ്രതികരിക്കാൻ താല്പര്യമില്ലെന്നും അറിയിച്ചു.
ക്രെഡിറ്റ് കാർഡ്, ബാങ്ക് ഇടപാടുകൾ വഴിയുള്ള തട്ടിപ്പുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ നടക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേരും ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ ലക്ഷ്യമായി മാറിയതായി വെളിപ്പെടുത്തി. ഓൺലൈൻ വഴിയുള്ള ഫിഷിംഗ്, വ്യാജ വെബ്സൈറ്റുകൾ എന്നിവയിലൂടെ 36 ശതമാനം പേരും, ഫോൺ കോളുകൾ വഴിയും സന്ദേശങ്ങൾ വഴിയും 31 ശതമാനം പേരും കബളിപ്പിക്കപ്പെട്ടു. ഇതിനുപുറമെ വ്യാജ ജോലി വാഗ്ദാനങ്ങൾ, ഐഡന്റിറ്റി തട്ടിപ്പ്, ക്രിപ്റ്റോകറൻസി നിക്ഷേപങ്ങൾ എന്നിവയും വർധിച്ചുവരുന്നതായാണ് കണ്ടെത്തൽ. 55 വയസ്സിനു മുകളിലുള്ളവരാണ് ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾക്ക് പ്രധാനമായും ഇരയാകുന്നത്. എന്നാൽ 18 മുതൽ 34 വയസ്സുവരെയുള്ള യുവാക്കൾക്കിടയിൽ വ്യാജ ജോലി വാഗ്ദാനങ്ങളും ബ്ലാക്ക്മെയിലിംഗും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
തട്ടിപ്പിന് ഇരയാകുന്നവരിൽ പകുതിയോളം പേർ മാത്രമാണ് പോലീസിലോ മറ്റ് അധികൃതർക്കോ പരാതി നൽകാൻ തയ്യാറാകുന്നത് എന്നത് ഗൗരവകരമായ സാഹചര്യമാണ്. അതേസമയം, 80 ശതമാനം പേരും തങ്ങൾക്കുണ്ടായ ദുരനുഭവം സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പങ്കുവെക്കുന്നുണ്ട്. മിക്കവരും തട്ടിപ്പിന് ശേഷം വലിയ രീതിയിലുള്ള മാനസിക വിഷമവും ഭയവും അനുഭവിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പുകൾ തിരിച്ചറിയാൻ തങ്ങൾക്ക് കഴിയുമെന്ന് 89 ശതമാനം കാനഡക്കാരും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഈ അമിത ആത്മവിശ്വാസമാണ് പലപ്പോഴും തട്ടിപ്പുകാർ മുതലെടുക്കുന്നതെന്ന് ലെജർ പബ്ലിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് ജെന്നിഫർ മക്ലോഡ് മെയ്സി പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Survey finds one in four Canadians are victims of fraud; Bank and credit card fraud a threat



