കൊളറാഡോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാണിജ്യ യുദ്ധ നയങ്ങളും കാനഡയെ 51-ാമത് അമേരിക്കൻ സംസ്ഥാനമാക്കണമെന്ന വിവിധ പ്രസ്താവനകൾക്കും നടുവിൽ, കാനഡയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് കൊളറാഡോ ഗവർണർ ജാരഡ് പോളിസ് രംഗത്തെത്തി. മാർച്ച് 15-ന് ‘കൊളറാഡോ–കാനഡ സൗഹൃദ ദിനമായി’ പ്രഖ്യാപിച്ച ഗവർണർ, സംസ്ഥാന കാപ്പിറ്റോളിൽ കാനഡയുടെ പതാക ഉയർത്തുകയും, ചുവപ്പും വെളുപ്പും നിറങ്ങളിൽ കെട്ടിടം അലങ്കരിക്കുകയും ചെയ്തുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കി.
അമേരിക്കയുടെയും കാനഡയുടെയും സാമ്പത്തിക സ്ഥിതിക്ക് ഗുരുതരമായ ആഘാതമേൽപ്പിക്കുന്നതാണ് ട്രംപിന്റെ താരിഫ് നയങ്ങളെന്ന് പോളിസ് വിമർശിച്ചു. ഇരു രാജ്യങ്ങളും നഷ്ടമനുഭവിക്കുന്ന സാഹചര്യം മാത്രമേ ഇതുമൂലം ഉണ്ടാകൂവെന്നും ഉൽപ്പന്നങ്ങളുടെ വിലവർദ്ധന, തൊഴിൽ നഷ്ടം, ഉത്പാദന കേന്ദ്രങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നു എന്നിവക്ക് ഇത് കാരണമാകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
വടക്കേ അമേരിക്കൻ സപ്ലൈ ചെയിനിന്റെ ദുർബലപ്പെടുത്തൽ ചൈനക്ക് പ്രയോജനപ്പെടുമെന്നും, സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാനഡ-അമേരിക്ക ബന്ധത്തിലെ സംഘർഷം ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്ന ആശങ്ക വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഗവർണർ പോളിസിന്റെ ഈ നിലപാട് പ്രാദേശിക തലത്തിൽ വാണിജ്യ ബന്ധങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയും വെളിവാക്കുന്നു.


