ഒന്റാറിയോ: കാനഡയിലെ താമസക്കാരുടെ സോഷ്യൽ ഇൻഷുറൻസ് നമ്പരുകൾ (SIN) സസ്പെൻഡ് ചെയ്തെന്ന വ്യാജേന വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി സർവീസ് കാനഡയുടെ മുന്നറിയിപ്പ്. ഒന്റാറിയോ ഉൾപ്പെടെയുള്ള വിവിധ പ്രവിശ്യകളിൽ കഴിഞ്ഞ ആഴ്ചകളിൽ ഇത്തരം വ്യാജ ഫോൺ കോളുകളും സന്ദേശങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഫെഡറൽ ഏജൻസി വ്യക്തതയുമായി രംഗത്തെത്തിയത്. ഒരിക്കലും ഒരു വ്യക്തിയുടെ സിൻ നമ്പർ സസ്പെൻഡ് ചെയ്യാൻ സർവീസ് കാനഡയ്ക്ക് അധികാരമില്ലെന്നും, അത്തരത്തിൽ വരുന്ന കോളുകൾ പൂർണ്ണമായും വ്യാജമാണെന്നും അധികൃതർ അറിയിച്ചു.
തട്ടിപ്പിന്റെ ഭാഗമായി ലഭിക്കുന്ന ഫോൺ കോളുകളിൽ, നിങ്ങളുടെ സിൻ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും അതിനാൽ അത് മരവിപ്പിച്ചുവെന്നുമാണ് തട്ടിപ്പുകാർ അറിയിക്കുന്നത്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ‘1’ അമർത്താൻ ആവശ്യപ്പെടുകയും, ഫോണിലൂടെ നിങ്ങളുടെ സിൻ നമ്പർ കൈക്കലാക്കാൻ ശ്രമിക്കുകയുമാണ് ഇവരുടെ രീതി. ഇമെയിൽ, ടെക്സ്റ്റ് മെസേജുകൾ വഴി ലിങ്കുകൾ അയച്ച് സാമ്പത്തിക ഇടപാടുകൾ നടത്താൻ ആവശ്യപ്പെടുന്നതും തട്ടിപ്പിന്റെ മറ്റൊരു രീതിയാണ്.
സർക്കാർ ആനുകൂല്യങ്ങൾ നിക്ഷേപിക്കാനോ നികുതി അടയ്ക്കാനോ എന്ന വ്യാജേന അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ഏജൻസി പ്രത്യേകം നിർദ്ദേശിക്കുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി സർവീസ് കാനഡ സാധാരണയായി തപാൽ മാർഗ്ഗമാണ് ആശയവിനിമയം നടത്താറുള്ളത്. ഔദ്യോഗിക രേഖകൾ അടങ്ങിയ കവറുകളിൽ കാനഡ ഗവൺമെന്റിന്റെ വാട്ടർമാർക്ക് ഉണ്ടായിരിക്കും.
സംശയകരമായ കോളുകൾ ലഭിച്ചാൽ ഉടൻ മറുപടി നൽകുന്നതിന് പകരം 1-800-O-Canada (1-800-622-6232) എന്ന നമ്പറിൽ വിളിച്ച് നിങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചത് ഉദ്യോഗസ്ഥനാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. പാസ്‌വേഡുകൾ, ബാങ്ക് വിവരങ്ങൾ, സിൻ നമ്പർ എന്നിവ ആരുമായും പങ്കുവെക്കരുതെന്നും വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
service-canada-sin-suspension-scam-alert
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



