വിനിപെഗ്: ഓൺലൈൻ വഴി ലഭിച്ച വെടിവെപ്പ് ഭീഷണിയെ തുടർന്ന് വിനിപെഗിലുള്ള സെന്റ് ജോൺസ് ഹൈസ്കൂൾ അധികൃതർ അടച്ചു. തിങ്കളാഴ്ച രാവിലെ സ്കൂൾ തുറക്കേണ്ടതില്ലെന്നും വിദ്യാർത്ഥികളും ജീവനക്കാരും ഹാജരാകരുതെന്നും സ്കൂൾ വെബ്സൈറ്റിലൂടെ അധികൃതർ അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 9:30-ഓടെയാണ് സ്കൂളിനെ ലക്ഷ്യം വെച്ചുള്ള ഭീഷണിയെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സ്കൂൾ അടച്ചിടാൻ തീരുമാനിച്ചതെന്നും വിന്നിപെഗ് സ്കൂൾ ഡിവിഷൻ സൂപ്രണ്ട് മാറ്റ് ഹെൻഡേഴ്സൺ വ്യക്തമാക്കി. നിലവിൽ പോലീസിലെ പ്രധാന കുറ്റാന്വേഷണ വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് അധികൃതർ അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ വിനിപെഗിൽ വെടിവെപ്പ് ഭീഷണിയെത്തുടർന്ന് അടച്ചിടുന്ന രണ്ടാമത്തെ സ്കൂളാണിത്. കഴിഞ്ഞ ബുധനാഴ്ച ബെർണി വോൾഫ് സ്കൂളിലും സമാനമായ ഭീഷണി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവിടെ നടത്തിയ പരിശോധനയിൽ അപകടകരമായ സാഹചര്യങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ രക്ഷിതാക്കൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും പോലീസ് കർശന നിരീക്ഷണം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Winnipeg's St. John's High School closed after online shooting threat



