മിലാൻ: 2026 മിലാനോ-കോർട്ടിന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ കാനഡ ടീം അണിഞ്ഞ വസ്ത്രം ഇപ്പോൾ ഇന്റർനെറ്റിലെ പ്രധാന ചർച്ചാവിഷയമാണ്. കനേഡിയൻ കമ്പനിയായ ലുലുലെമൺ (Lululemon) ഡിസൈൻ ചെയ്ത ഈ വസ്ത്രം കണ്ട് ‘ഇതെന്താണ് സംഭവം?’ എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. പ്രത്യേകിച്ചും ടീം അംഗങ്ങൾ അണിഞ്ഞ ‘ക്വിൽറ്റഡ് റാപ്പ് വെസ്റ്റ്’ (Quilted Wrap Vest) ആണ് ആരാധകരെ കുഴപ്പിക്കുന്നത്.
പുതപ്പാണോ തലയണയോ അതോ ഡ്രസ്സോ? ഈ വസ്ത്രത്തിന്റെ പ്രത്യേകതയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ലുലുലെമൺ പറയുന്നതനുസരിച്ച്, ഇതൊരു വസ്ത്രമായും സ്കാർഫ് ആയും ഉപയോഗിക്കാം, അതുമാത്രമല്ല, മടക്കിവെച്ചാൽ ഇതൊരു തലയണയായും മാറും! ഏകദേശം 198 ഡോളർ വിലയുള്ള ഈ വസ്ത്രം ഇപ്പോൾ കമ്പനിയുടെ വെബ്സൈറ്റിൽ സോൾഡ് ഔട്ട് ആണ്.
റയാൻ മാസൽ എന്ന പ്രശസ്ത ബ്ലോഗർ ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വസ്ത്രം പല രീതിയിൽ ധരിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന അദ്ദേഹം, “ഇതൊരു പുതപ്പാണോ അതോ സ്കാർഫ് ആണോ? എനിക്കൊന്നും മനസ്സിലാകുന്നില്ല” എന്ന് തമാശയായി ചോദിക്കുന്നു. ഒരു പോക്കറ്റ് മാത്രമുള്ള, പല ക്ലിപ്പുകളും വള്ളികളുമുള്ള ഈ ഡിസൈൻ ഒട്ടും യുക്തിക്ക് നിരക്കാത്തതാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
അതേസമയം, കാനഡയുടെ സ്നോബോർഡിംഗ് താരം ജൂലിയറ്റ് പെൽചാറ്റ് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഇതിനെ ‘നടക്കുന്ന സ്ലീപ്പിംഗ് ബാഗ്’ എന്നും ‘കൂടാരം’ (Tent) എന്നും പരിഹസിക്കുമ്പോൾ, മറ്റ് ചിലർ ഈ വ്യത്യസ്തമായ പരീക്ഷണത്തെ പ്രശംസിക്കുന്നുമുണ്ട്.
എന്തായാലും ഉദ്ഘാടന വേദിയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യം കാനഡ ടീം വസ്ത്രത്തിലൂടെ സാധിച്ചെടുത്തു എന്ന് തന്നെ പറയാം. 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് വരെ ലുലുലെമൺ തന്നെയാണ് കാനഡ ടീമിന് വസ്ത്രങ്ങൾ ഒരുക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Team Canada’s Olympics look sparks strong reaction online



