സെന്റ് കാതറിൻസ്: രണ്ട് വർഷത്തെ നിരന്തരമായ പരിശ്രമത്തിനൊടുവിൽ ഫുഡ് ബാങ്ക്സ് കാനഡയുടെ അഭിമാനകരമായ ദേശീയ അംഗീകാരം സെന്റ് കാതറിൻസ് ആൻഡ് തൊറോൾഡ് കമ്മ്യൂണിറ്റി കെയർ സ്വന്തമാക്കി. മികച്ച രീതിയിലുള്ള ഭക്ഷണ വിതരണം, ഗുണഭോക്താക്കൾക്കുള്ള ഉയർന്ന നിലവാരത്തിലുള്ള സേവനം, പ്രവർത്തനങ്ങളിലെ സുതാര്യത എന്നിവ മുൻനിർത്തിയാണ് രാജ്യത്തെ മികച്ച സേവന സംഘടനകൾക്ക് നൽകുന്ന ഈ ‘അംഗീകാര മുദ്ര’ (Seal Of Approval) കമ്മ്യൂണിറ്റി കെയറിനെ തേടിയെത്തിയത്. നയാഗ്ര മേഖലയിൽ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളെയും വ്യക്തികളെയും പിന്തുണയ്ക്കാൻ അക്ഷീണം പരിശ്രമിക്കുന്ന ജീവനക്കാരുടെയും വോളന്റിയർമാരുടെയും കഠിനാധ്വാനത്തിനുള്ള ഫലമാണിതെന്ന് സംഘടനയുടെ ഭാരവാഹികൾ വ്യക്തമാക്കി.
ദേശീയ തലത്തിൽ ഭക്ഷ്യസുരക്ഷയ്ക്കും സാമൂഹിക സേവനത്തിനുമായി നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. എന്നാൽ ഈ അംഗീകാരം ലഭിച്ചതോടെ സംഘടനയുടെ ഉത്തരവാദിത്തം വർദ്ധിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഫുഡ് ബാങ്ക്സ് കാനഡ നിഷ്കർഷിക്കുന്ന സേവന നിലവാരവും കൃത്യമായ കണക്കുകളും വരും വർഷങ്ങളിലും നിലനിർത്തേണ്ടതുണ്ട്. സമൂഹത്തോടുള്ള പ്രതിബദ്ധതയും ഗുണമേന്മയുള്ള സേവനവും തങ്ങളുടെ ലക്ഷ്യമായി എന്നും തുടരുമെന്ന് കമ്മ്യൂണിറ്റി കെയർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
St. Catharines Community Care receives Food Banks Canada's 'Seal of Approval'.


