കാൽഗറി: റെൻഫ്ര്യൂ റെസിഡൻഷ്യൽ മേഖലയിലെ നോർത്ത് ഈസ്റ്റ് കാൽഗറിയിൽ 20 വർഷമായി താമസിക്കുന്ന ക്രിസ് ബൗഷറിന്റെ വീടിന് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് തവണ അക്രമങ്ങൾ നടന്നതായി പരാതി. ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെയുള്ള കാലയളവിൽ ഉണ്ടായ ഈ സംഭവങ്ങൾ പ്രദേശവാസികൾക്കിടയിലും ബൗഷറിന്റെ കുടുംബത്തിലും വലിയ സുരക്ഷാ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് കുടുംബം അറിയിച്ചു.
ജനുവരി 29 വ്യാഴാഴ്ച വീടിന്റെ ചുവരുകളിൽ ഗ്രാഫിറ്റി പെയിന്റ് അടിച്ചും വീട്ടുപടിക്കൽ ഉണ്ടായിരുന്ന പാഴ്സൽ മോഷ്ടിച്ചുമാണ് ആക്രമണങ്ങൾ തുടങ്ങിയത്. തൊട്ടടുത്ത ദിവസങ്ങളിൽ വീടിന്റെ ജനാലകൾ കല്ലെറിഞ്ഞ് തകർക്കുകയും മരക്കഷണങ്ങളും കത്തികളുമായി എത്തിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഫെബ്രുവരി 4-ന് ലിവിംഗ് റൂമിലെയും ബെഡ്റൂമിലെയും ജനാലകൾ യുവാവ് കല്ലെറിഞ്ഞ് തകർത്തതോടെയാണ് കുടുംബം കൂടുതൽ സുരക്ഷാ നടപടികളിലേക്ക് നീങ്ങിയത്. നിലവിൽ വീട്ടിൽ കൂടുതൽ സിസിടിവി ക്യാമറകളും സെക്യൂരിറ്റി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കാൽഗറി പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും കുറ്റവാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ സഹായം അഭ്യർത്ഥിച്ച് ബൗഷർ മേയറുടെ ഓഫീസിനും ജനപ്രതിനിധികൾക്കും ഇമെയിൽ അയച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Family in Calgary targeted in serial attacks; home broken into four times in six days


