ഒട്ടാവ: യു.എസ് അലുമിനിയം താരിഫുകൾ പ്രാബല്യത്തിൽ വന്ന് ഒരു വർഷം പൂർത്തിയാകാനിരിക്കെ കാനഡയിലെ ബ്രൂയിംഗ് വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. അലുമിനിയം കാനുകളുടെ ലഭ്യത കുറഞ്ഞതും ഉത്പാദന ചെലവ് ഇരട്ടിയായതും രാജ്യത്തെ ചെറുകിട ബിയർ നിർമ്മാതാക്കളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അലുമിനിയത്തിന് ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് ആണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കാനഡയിൽ അലുമിനിയം വൻതോതിൽ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, അവ കാനുകളാക്കി മാറ്റുന്ന ഷീറ്റുകൾക്കായി അമേരിക്കൻ വിപണിയെയാണ് ബ്രൂവറികൾ ആശ്രയിക്കുന്നത്. താരിഫ് വന്നതോടെ ഒരു കാനിന്റെ വില 15 സെന്റിൽ നിന്ന് 35 സെന്റായി ഉയർന്നുവെന്ന് ഡൊമിനിയൻ സിറ്റി ബ്രൂയിംഗ് സഹസ്ഥാപകൻ ജോഷ് മക്ജാനറ്റ് വ്യക്തമാക്കി.
ബിയർ പാക്കേജിംഗിനായി കാനഡയിലെ 80 ശതമാനം നിർമ്മാതാക്കളും അലുമിനിയം കാനുകളാണ് ഉപയോഗിക്കുന്നത്. ആഭ്യന്തരമായി കാൻ ഷീറ്റുകൾ നിർമ്മിക്കാനുള്ള സംവിധാനം കാനഡയിൽ ഇല്ലാത്തത് തിരിച്ചടിയാണെന്ന് ‘ബിയർ കാനഡ’ പ്രസിഡന്റ് റിച്ചാർഡ് അലക്സാണ്ടർ പറഞ്ഞു. വരാനിരിക്കുന്ന സി.യു.എസ്.എം.എ (CUSMA) വ്യാപാര ചർച്ചകളിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tariff hike backfires; Canada faces shortage of beer cans



