കളി നടക്കുമോ അതോ പാകിസ്ഥാൻ മുങ്ങുമോ, ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് തൊട്ടുമുമ്പ് നാടകീയ നീക്കങ്ങൾ. പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, നിയമങ്ങൾ പാലിച്ച് ഇന്ത്യൻ ടീം കൊളംബോയിലേക്ക് തിരിക്കുകയാണ്. ഗ്രൗണ്ടിൽ എതിരാളികൾ ഇല്ലെങ്കിലും കൃത്യസമയത്ത് റിപ്പോർട്ട് ചെയ്ത് രണ്ട് പോയിന്റ് പോക്കറ്റിലാക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്.
പാകിസ്ഥാൻ ബഹിഷ്കരണം പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യ പോകാതിരിക്കില്ല. ഐസിസി നിയമങ്ങൾ കർശനമാണ്; എതിർ ടീം വന്നില്ലെങ്കിലും വിജയം ഉറപ്പിക്കാൻ നിശ്ചിത സമയത്ത് ടീം മൈതാനത്ത് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഫെബ്രുവരി 15-ന് കൊളംബോയിൽ എത്തും. മുൻപ് നിശ്ചയിച്ച പ്രകാരം തന്നെ പരിശീലന സെഷനുകളിലും വാർത്താ സമ്മേളനങ്ങളിലും ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. രാഷ്ട്രീയ കാരണങ്ങളാൽ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഐസിസി മര്യാദകൾ പാലിച്ച് ഇന്ത്യ മുന്നോട്ട് പോകുമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയിട്ടുണ്ട്.
മത്സരദിവസം ഗ്രൗണ്ടിൽ നടക്കാൻ പോകുന്നത് രസകരമായ കാഴ്ചകളായിരിക്കും. ഇന്ത്യൻ നായകൻ ടോസിനായി ഗ്രൗണ്ടിലെത്തുകയും പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഘ എത്താതിരിക്കുകയും ചെയ്താൽ, മാച്ച് റഫറി ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കും. എന്നാൽ പാകിസ്ഥാൻ വരുന്നില്ലല്ലോ എന്ന് കരുതി ഇന്ത്യയും ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പണി പാളും! അങ്ങനെ സംഭവിച്ചാൽ മത്സരം റദ്ദാക്കിയതായി കണക്കാക്കി ഇരു ടീമുകൾക്കും പോയിന്റുകൾ തുല്യമായി പങ്കുവെക്കും. അതുകൊണ്ട് തന്നെ ഒരു റിസ്കിനും നിൽക്കാതെ മൈതാനത്ത് ഹാജരാകാനാണ് ടീം ഇന്ത്യയുടെ തീരുമാനം.
പാകിസ്ഥാന്റെ ഈ ബഹിഷ്കരണ തീരുമാനം അവർക്ക് തന്നെ വലിയ തിരിച്ചടിയാകാനാണ് സാധ്യത. ഇന്ത്യക്കെതിരെയുള്ള കളി നഷ്ടപ്പെടുത്തുന്നതോടെ ലഭിക്കേണ്ട രണ്ട് പോയിന്റ് പോകും എന്ന് മാത്രമല്ല, അത് അവരുടെ നെറ്റ് റൺറേറ്റിനെ (NRR) സാരമായി ബാധിക്കുകയും ചെയ്യും. പോരാത്തതിന് കൊളംബോയിലെ മഴ സാധ്യതയും പാകിസ്ഥാന് വെല്ലുവിളിയാണ്. ഇന്ത്യയുമായുള്ള കളി നഷ്ടപ്പെടുത്തിയ ശേഷം, മറ്റ് ടീമുകളുമായുള്ള മത്സരങ്ങൾ മഴ മൂലം മുടങ്ങിയാൽ പാകിസ്ഥാന്റെ സൂപ്പർ-8 പ്രതീക്ഷകൾ അപ്പാടെ അവസാനിക്കും. ചുരുക്കത്തിൽ, ഇന്ത്യയുമായി കളിക്കാനിറങ്ങാത്തത് പാകിസ്ഥാന്റെ ലോകകപ്പ് മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുമെന്ന് ഉറപ്പാണ്.
india-to-colombo-even-though-pakistan-doesnt-come-bcci-uncompromising-on-boycott-threat
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



