ഹോം തിയേറ്ററുകളിലും ഇനി ധുരന്ധർ തരംഗം! ബോക്സ് ഓഫീസിൽ ആയിരം കോടി ക്ലബ്ബിൽ കയറി ചരിത്രം കുറിച്ച രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ’ ഇപ്പോൾ ഒടിടി ലോകത്തും സിംഹാസനം പിടിച്ചെടുക്കുകയാണ്. തിയേറ്ററുകളിൽ കണ്ട ആവേശമൊന്നും ഒട്ടും ചോരാതെയാണ് നെറ്റ്ഫ്‌ളിക്സിലും ഈ ആദിത്യ ധർ ചിത്രം ജൈത്രയാത്ര തുടരുന്നത്. റിലീസ് ചെയ്ത് വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നെറ്റ്ഫ്‌ളിക്സിൽ ഏറ്റവുമധികം ആളുകൾ കണ്ട ഹിന്ദി ചിത്രം എന്ന റെക്കോർഡ് ഇനി ഈ സ്പൈ ആക്ഷൻ ത്രില്ലറിന് സ്വന്തം. ആനിമലും പുഷ്പയുമൊക്കെ തീർത്ത വമ്പൻ റെക്കോർഡുകളാണ് രൺവീറിന്റെ പ്രകടനത്തിന് മുന്നിൽ വഴിമാറുന്നത്.
ജനുവരി 30-നാണ് ആരാധകർ കാത്തിരുന്ന ആക്ഷൻ വിരുന്ന് നെറ്റ്ഫ്‌ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ആദ്യ ഏഴ് ദിവസത്തിനുള്ളിൽ മാത്രം ചിത്രം കണ്ടത് 7.6 മില്യൺ ആളുകളാണ്! ഇതോടെ റിലീസ് ആഴ്ചയിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടുന്ന ആദ്യ ഹിന്ദി സിനിമയായി ധുരന്ധർ മാറി. നേരത്തെ രൺബീർ കപൂർ ചിത്രം ‘ആനിമൽ’ (6.2 മില്യൺ) കൈക്കലാക്കി വെച്ചിരുന്ന കിരീടമാണ് ധുരന്ധർ തട്ടിയെടുത്തത്. ഹൃത്വിക് റോഷന്റെ ‘ഫൈറ്റർ’ (5.9 മില്യൺ), അ്ല്ലു അർജുന്റെ ‘പുഷ്പ 2’ (5 മില്യൺ) എന്നിവയും കാഴ്ചക്കാരുടെ എണ്ണത്തിൽ ധുരന്ധറിന് പിന്നിലായി.
വെറും വ്യൂസിന്റെ കാര്യത്തിൽ മാത്രമല്ല, ഏഴ് രാജ്യങ്ങളിലെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ടോപ്പ് 10 പട്ടികയിലും ഈ ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. ഏകദേശം 26.1 മില്യൺ മണിക്കൂറാണ് ആളുകൾ ഈ സിനിമയ്ക്കായി നെറ്റ്ഫ്‌ളിക്സിൽ ചിലവഴിച്ചത്. തിയേറ്ററുകളിൽ നിന്ന് മാത്രം 1300 കോടി രൂപയോളം വാരിക്കൂട്ടിയ ധുരന്ധർ, ആയിരം കോടി കടക്കുന്ന ആദ്യ ബോളിവുഡ് ചിത്രം എന്ന ഖ്യാതി നേരത്തെ തന്നെ നേടിയിരുന്നു.
പാകിസ്താനിൽ തിയേറ്റർ റിലീസ് തടഞ്ഞിരുന്നെങ്കിലും ഒടിടി വന്നതോടെ അവിടെയും ചിത്രം ട്രെൻഡിംഗാണെന്നത് സിനിമാ ലോകത്തെ അമ്പരപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തിന്റെ ഈ ഹിമാലയൻ വിജയത്തിന് പിന്നാലെ ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കാണ്. എല്ലാം ഒത്തുവന്നാൽ വരുന്ന മാർച്ച് 19-ന് ‘ധുരന്ധർ 2’ എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. രൺവീർ സിംഗിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് എൻട്രിക്ക് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
dhurandhar-show-on-ott-too-dethroning-animal-and-pushpa-it-tops-netflix
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



