മോൺട്രിയൽ: മോൺട്രിയലിൽ പ്രവർത്തിക്കുന്ന പ്രമുഖ ഗ്രോസറി സ്റ്റോറായ റാച്ചെൽ-ബെറിയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം വൻതോതിൽ ഭക്ഷ്യവസ്തുക്കൾ കവർന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ നടന്ന ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ‘റോബിൻ ഡെ റുയെൽ’ എന്ന ആക്ടിവിസ്റ്റ് സംഘം ഏറ്റെടുത്തതോടെയാണ് വാർത്താപ്രാധാന്യം കൈവന്നത്. കോർപ്പറേറ്റ് കമ്പനികളുടെ ലാഭക്കൊള്ളയ്ക്കും വർദ്ധിച്ചുവരുന്ന ഭക്ഷണവിലയ്ക്കും എതിരെ തങ്ങൾ നടത്തുന്ന ‘റോബിൻ ഹുഡ്’ മോഡൽ പോരാട്ടമാണിതെന്ന് സംഘം അവകാശപ്പെട്ടു.
മുഖംമൂടിയും തലയിൽ ചുവന്ന തൂവലുകളും ധരിച്ച അറുപതോളം പേരാണ് കവർച്ചയിൽ പങ്കെടുത്തത്. ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന സാധനങ്ങളാണ് കടയിൽ നിന്നും സംഘം കൊണ്ടുപോയത്. മോഷ്ടിച്ച ഭക്ഷ്യവസ്തുക്കൾ നഗരത്തിലെ വിവിധ കമ്മ്യൂണിറ്റി ഫ്രിഡ്ജുകളിലും പാവപ്പെട്ടവർ താമസിക്കുന്ന കോളനികൾക്ക് മുന്നിലും വിതരണം ചെയ്തതായി സംഘം അറിയിച്ചു. സാധാരണക്കാർക്ക് ഭക്ഷണം വാങ്ങാൻ കഴിയാത്ത വിധം വില വർദ്ധിപ്പിക്കുന്ന അഴിമതി നിറഞ്ഞ വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാണിതെന്നാണ് ഇവരുടെ നിലപാട്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും മോൺട്രിയൽ പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും ഇതേ രീതിയിൽ മറ്റൊരു സ്റ്റോറിൽ സമാനമായ കവർച്ച നടന്നിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സ്റ്റോർ ഉടമകളായ സോബീസ് തയ്യാറായിട്ടില്ല. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mass robbery at Montreal grocery store: Activist group claims responsibility



