750,000 ഡോളറിന്റെ നഷ്ടം; ഫയർ മാർഷൽ ഓഫീസ് അന്വേഷണം ആരംഭിച്ചു
ഹാമിൽട്ടന്റെ പടിഞ്ഞാറൻ ഭാഗത്തെ ടൗൺഹൗസ് സമുച്ചയത്തിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. ഹാമിൽട്ടൺ ഫയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ രാവിലെ 8:30ഓടെ മെയിൻ സ്ട്രീറ്റിലെ 1967-ാം നമ്പർ മേഖലയിലേക്ക് അഗ്നിശമന സേന എത്തി. എത്തുമ്പോൾ തന്നെ ടൗൺഹൗസിന്റെ പിൻഭാഗത്തുനിന്ന് തീ കത്തുന്നത് കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടയിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രണ്ടാമത്തെ നിലയിൽ ഒരാളെ കണ്ടെത്തി പുറത്തേക്ക് മാറ്റി. എന്നാൽ, ഹാമിൽട്ടൺ പരാമെഡിക്സിന്റെ കണക്കുപ്രകാരം, അതിനകം തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ മരണപ്പെട്ട വ്യക്തിയെ കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഗ്നിബാധയ്ക്ക് പിന്നാലെ ഹാമിൽട്ടൺ പോലീസ് അന്വേഷണത്തിന് തുടക്കംകുറിച്ചെങ്കിലും തീപിടിത്തം സംശയാസ്പദമല്ലെന്ന സൂചനകളാണ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫയർ ഡിപ്പാർട്ട്മെന്റ് നൽകിയ വിവരം അനുസരിച്ച്, തീ അണയ്ക്കാൻ അഗ്നിശമന സേനയ്ക്ക് സാധിച്ചെങ്കിലും രണ്ടാം നിലയിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. തീപിടിത്തത്തിൽ ആകെ 750,000 ഡോളറിനടുത്ത് നഷ്ടം കണക്കാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഒഫീസ് ഓഫ് ദി ഫയർ മാർഷൽ അന്വേഷണത്തിനായി രംഗത്തെത്തിയതായി ഫയർ ചീഫ് ഡേവ് കൺലിഫ് അറിയിച്ചു.



