മോൺട്രിയൽ: അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടത്തുന്ന കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെയും അതിൽ കാനഡ പുലർത്തുന്ന പങ്കാളിത്തത്തിനെതിരെയും മോൺട്രിയലിൽ വൻ പ്രതിഷേധം. ഞായറാഴ്ച നഗരമധ്യത്തിലെ യുഎസ് കോൺസുലേറ്റിന് മുന്നിൽ ഒത്തുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാർ അമേരിക്കൻ ഏജൻസികളുടെ നടപടികളെയും കനേഡിയൻ കമ്പനികൾ അവർക്ക് നൽകുന്ന പിന്തുണയെയും ശക്തമായി വിമർശിച്ചു. കഴിഞ്ഞ ആഴ്ചകളിൽ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുകളുടെ വെടിയേറ്റ് രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് പ്രതിഷേധം ശക്തമായത്.
അമേരിക്കൻ ഏജൻസിയായ ICE ന് സാങ്കേതികവും സൈനികവുമായ സഹായങ്ങൾ നൽകുന്ന കനേഡിയൻ കമ്പനികൾക്കെതിരെ പ്രതിഷേധക്കാർ രംഗത്തെത്തി. വാൻകൂവർ ആസ്ഥാനമായ Hootsuite, ഒന്റാരിയോയിലെ പ്രതിരോധ ഉപകരണ നിർമ്മാതാക്കളായ റോഷൽ, മോൺട്രിയൽ ആസ്ഥാനമായ സെക്യൂരിറ്റി ഗ്രൂപ്പ് ഗാർഡ വേൾഡ് എന്നീ കമ്പനികൾ ICE മായി വാണിജ്യ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ ആരോപിച്ചു. ഇത്തരം കരാറുകളിലൂടെ കാനഡയും ക്യുബെക്കും കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളിൽ പങ്കാളികളാകുകയാണെന്ന് സംഘാടകനായ മൈക്കൽ ലിപ്‌സെറ്റ് വ്യക്തമാക്കി.
അലക്സ് പ്രെറ്റി എന്ന നഴ്‌സിനെ മിനിയാപൊളിസിൽ വെടിവെച്ചുകൊന്ന സംഭവത്തിൽ ഒന്റാരിയോ കമ്പനിയായ റോഷൽ നിർമ്മിച്ച കവചിത വാഹനങ്ങൾ ഉപയോഗിച്ചതായി പ്രതിഷേധക്കാർ ആരോപിച്ചു. ഏകദേശം 20 ‘സെനറ്റർ’ കവചിത വാഹനങ്ങൾക്കായി ICE ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാർ ഈ കമ്പനിക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഫ്ലോറിഡയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിൽ ജീവനക്കാരെ വിന്യസിക്കുന്നതിനായി ഗാർഡ വേൾഡ് 8 മില്യൺ ഡോളറിന്റെ കരാർ സ്വന്തമാക്കിയതായും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
മിനിയാപൊളിസ്, ലോസ് ഏഞ്ചൽസ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ അമേരിക്കയിൽ ഉടനീളം പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ഇതിന്റെ ഭാഗമായി വാൻകൂവറിലും കഴിഞ്ഞ വെള്ളിയാഴ്ച ICE മായുള്ള കരാറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൂട്ട്‌സ്യൂട്ട് ആസ്ഥാനത്തിന് മുന്നിൽ റാലി നടന്നിരുന്നു. അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് “ജോലിയില്ല, സ്കൂളില്ല, ഷോപ്പിംഗില്ല” എന്ന മുദ്രാവാക്യമുയർത്തി പണിമുടക്കുകളും നടക്കുന്നുണ്ട്.
അമേരിക്കയിൽ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇരട്ട പൗരത്വമുള്ളവർ ഉൾപ്പെടെ വോട്ട് രേഖപ്പെടുത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. മിനിയാപൊളിസിൽ നടന്ന വെടിവെപ്പുകളിൽ റെനി ഗുഡ്, അലക്സ് പ്രെറ്റി എന്നിവർ കൊല്ലപ്പെട്ടതാണ് നിലവിലെ വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായത്. ഐസുമായുള്ള വാണിജ്യ ബന്ധങ്ങളെക്കുറിച്ച് ഉന്നയിക്കപ്പെട്ട ചോദ്യങ്ങളോട് ഹൂട്ട്‌സ്യൂട്ട്, റോഷൽ, ഗാർഡ വേൾഡ് എന്നീ കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Public anger in Canada against US anti-immigration measures; Massive protest in front of US Consulate



